ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപരന് അഭിനന്ദന് പഥക് നിരവധി തിരഞ്ഞെടുപ്പുകളില്‍ ക്യാംപെയിനിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇനി ബിജെപിക്ക് വേണ്ടി താന്‍ വോട്ട് ചോദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ പഥക് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷം കണക്കിലെടുത്താണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിജെപിയെ പിന്തുണയ്ക്കുന്നത് കാരണം മോദിയുടെ അപരനായ തനിക്ക് നേരേയും ചോദ്യങ്ങള്‍ ഉയരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനന്ത്രിയുട പേര് കളയുകയാണ് ബിജെപി ചെയ്തതെന്നും പഥക് കുറ്റപ്പെടുത്തി.
‘പ്രധാനമന്ത്രി പറയുന്നതിനും ചിന്തിക്കുന്നതിനും എത്രത്തോളം എതിരായാണ് ബിജെപിയുടെ പ്രവര്ത്തികളെന്നത് നിരാശാജനകമാണ്. അച്ഛേ ദിന് എന്ന് വരുമെന്ന് ജനങ്ങള്‍ എന്നോട് ചോദിക്കുന്നു’, പഥക് പറഞ്ഞു. ഗോരഖ്പൂരില്‍ ഈ വര്‍ഷാദ്യം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ഓരോ വീടുകളും കയറിയിറങ്ങി ബിജെപിക്ക് വേണ്ടി ഇദ്ദേഹം വോട്ട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞടുപ്പില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.
‘എനിക്ക് തല്ലും കിട്ടുന്നു, ശാപവും കിട്ടുന്നു. ഇക്കാരണം കൊണ്ടാണ് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാംപെയിനിന് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. യുപിഎ ചെയര്‍ പേഴ്സണ്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച ഒരുക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്,’ പഥക് പറഞ്ഞു.
എന്നാല്‍ തന്റെ നിരാശ ബിജെപിയെ ഓര്‍ത്താണെന്നും പ്രധാനമന്ത്രിയുായി യാതൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് നല്ല പ്രതിച്ഛായയാണ് മോദി നല്‍കിയത്. എന്റെ വിഷമം പാര്‍ട്ടിയെ ഓര്‍ത്താണ്. എന്റെ പ്രശ്നവും അതാണ്. അല്ലാതെ പ്രധാനമന്ത്രിയുമായി യാതൊരു പ്രശ്നവുമില്ല. പാര്‍ട്ടിയുടെ മന് കി ബാത്ത് പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. സാധാരണക്കാരന്റെ ഹൃദയം എന്താണ് പറയുന്നതെന്ന് അവര്‍ കേള്‍ക്കുന്നില്ല,’ പഥക് പറഞ്ഞു.