ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയെ നേരിടാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ സമ്പൂർണ അടച്ചുപൂട്ടൽ നയം പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുന്നൊരുക്കങ്ങൾ ഇല്ലാതെ സമ്പൂർണ അടച്ചുപൂട്ടൽ നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നയം വൻ ദുരന്തമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അസംഘടിത മേഖലയ്‌ക്ക് ചരമക്കുറിപ്പ് എഴുതിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.
Read Also: വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദംപ്രകടിപ്പിക്കുന്നു: രമേശ് ചെന്നിത്തല
“നോട്ട് നിരോധനം, ജിഎസ്‌ടി എന്നീ ആക്രമണങ്ങൾക്ക് പിന്നാലെ അസംഘടിത മേഖലയിൽ മോദി സർക്കാർ നടത്തിയ മൂന്നാമത്തെ ആക്രമണമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളുമില്ലാതെ അടച്ചുപൂട്ടൽ നടപ്പിലാക്കിയപ്പോൾ അത് ദിവസ വേതനക്കാർക്ക് വലിയ തിരിച്ചടിയായി,” രാഹുൽ പറഞ്ഞു.
“21 ദിവസത്തെ പോരാട്ടമാണെന്നാണ് നരേന്ദ്ര മോദി സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. എന്നാൽ, വാസ്‌തവത്തിൽ രാജ്യത്തെ അസംഘടിത മേഖലയുടെ നടുവൊടിക്കുന്ന തീരുമാനമായിരുന്നു അത്. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുക, ചെറുകിട-ഇടത്തരം ബിസിനസ് സംരഭങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നിവയെല്ലാമാണ് കോൺഗ്രസ് പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾ. എന്നാൽ, സർക്കാർ ഒന്നും ചെയ്‌തില്ല. അതിനുപകരം, വ്യവസായികളുടെ കോടിക്കണക്കിനു കടബാധ്യത എഴുതിതള്ളി സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്‌തത്. സമ്പൂർണ അടച്ചുപൂട്ടൽ കൊറോണ വെെറസിനെ തുരത്താനുള്ള പ്രതിവിധിയായില്ല, മറിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും യുവാക്കളെയും ഈ അടച്ചുപൂട്ടൽ പ്രതികൂലമായി ബാധിച്ചു. ” രാഹുൽ വിമർശിച്ചു.