ന്യൂഡൽഹി: പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തിൽ ഭരണ നേട്ടങ്ങൾ എണ്ണിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റിയെന്ന് പറഞ്ഞ മോദി ലോക രാഷ്ട്രങ്ങളിൽ ഇന്ത്യ വളരുകയാണെന്നും കൂട്ടിച്ചേർത്തു. അഴിമതിക്കും കള്ളപണത്തിനും എതിരെ ലോക്സഭ ശക്തമായ നിയമങ്ങൾ പാസാക്കി. ഇന്ത്യൻ സാമ്പത്തികരംഗം ഭാവിയിൽ ലോകത്തെ നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
നൂറ് ശതമനം രാഷ്ട്രത്തോട് നീതി പുലർത്താൻ സാധിച്ചു. ഇതിൽ 85 ശതമാനത്തിനും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞു. കാലഹരണപ്പെട്ട 1400 നിയമങ്ങൾ മാറ്റി. കേന്ദ്രസർക്കാർ സ്ത്രീകൾക്ക് തന്ത്രപ്രധാന പദവികൾ നൽകി. ഡിജിറ്റൽ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും ആധാർ നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചുവെന്നും പ്രധാനമന്ത്രി.
വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യൻ ബന്ധം മെച്ചപ്പെട്ടു. നേപ്പാളിലെ ഭൂമികുലുക്കത്തിലും മലിദ്വീപിലെ ജലക്ഷാമത്തിലും ശക്തമായ ഇടപ്പെടൽ നടത്താൻ രാജ്യത്തിന് സാധിച്ചു.
അവസാന പ്രസംഗത്തിൽ രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല. ഭൂകമ്പം വരുമെന്ന് ചിലർ പറഞ്ഞു, എന്നാൽ ഒന്നും വന്നില്ല. ചിലർ വലിയ വിമാനങ്ങൾ പറത്തുന്നു, എന്നാൽ നമ്മുടെ ജനാധിപത്യം അതിനേക്കാൾ വലുതാണെന്നും പ്രധാനമന്ത്രി റാഫേൽ വിഷയത്തിൽ രാഹുലിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.