ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ കേന്ദ്രസഹമന്ത്രി വി.കെ.സിങ് രാജ്യസഭയില്‍ അവതരിപ്പിച്ചു. അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു. ഇതിനായി ചെലവഴിച്ചതാകട്ടെ കോടികളും. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്നാണ് കണക്കുകള്‍. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റ പണിനടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്.

വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവായി. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളില്‍ 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്.

രാജ്യം അടുത്തിടെ കണ്ട ഏറ്റവും ഉയര്‍ന്ന വിദേശയാത്രാ ചെലവ് കൂടിയാണിത്. പ്രധാനമന്ത്രി മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെ പ്രതിപക്ഷ പാര്‍ട്ടികളടക്കം ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പോലും പ്രതികൂലമായി ബാധിച്ചതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ 2017-18 വര്‍ഷങ്ങളില്‍ നടത്തിയ വിദേശയാത്രകളുടെ ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവുകളും 2018 -19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുത്തിയിട്ടില്ല. 2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഈ കാലയളവില്‍ 24 രാജ്യങ്ങളില്‍ മോദി പറന്നെത്തി.

2017-18 ല്‍ 19 ഉം 2016-17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റിലും സന്ദര്‍ശിച്ച രാജ്യങ്ങള്‍, സന്ദര്‍ശന ദിവസങ്ങള്‍, വിമാന യാത്രക്കായി ചെലവായ തുക എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഈ യാത്രകളുടെ കണക്കടക്കമാണ് ഇപ്പോള്‍ വി.കെ.സിങ് രാജ്യസഭയില്‍ നല്‍കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ