ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലവത്തായ അധികാരകാലം മുന്നോട്ടുണ്ടാകട്ടെയെന്നും മോദി ഖര്‍ഗെയ്ക്ക് ആശംസകള്‍ അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തില്‍ ഖാര്‍ഗെ ശക്തമായ മത്സരത്തില്‍ ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
ട്വിറ്ററിലാണ് പ്രധാനമന്ത്രി ഖാര്‍ഗെയ്ക്ക് അഭിന്ദനം അറിയിച്ചത്. പുതിയ ഉത്തവാദിത്വത്തില്‍ ആശംസകള്‍ അറിയിച്ച മോദി ഫലവത്തായ ഒരു ഭരണകാലം ഉണ്ടാകട്ടെയെന്നും ആശംസിച്ചു. ഐഎന്‍സിഇന്ത്യയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തത്തിന് ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജിക്ക് എന്റെ ആശംസകള്‍. അദ്ദേഹത്തിന് ഫലവത്തായ ഒരു ഭരണകാലം ഉണ്ടാകട്ടെ. ഖാര്‍ഗെയെയും കോണ്‍ഗ്രസിനെയും ടാഗ് ചെയ്ത് ട്വീറ്റില്‍ പ്രാധാനമന്ത്രി പറഞ്ഞു.
തരൂര്‍ നേടിയ 1,072 വോട്ടിനെതിരെ 7,897 വോട്ടുകള്‍ നേടിയ മുതിര്‍ന്ന നേതാവ്, രണ്ടര പതിറ്റാണ്ടിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഗാന്ധി ഇതര അധ്യക്ഷനായാണ് ചുമതലയേല്‍ക്കുന്നത്. ഈ മാസം 26 ന്് പാര്‍ട്ടിയുടെ അധ്യക്ഷനായി ഔദ്യോഗികമായി അദ്ദേഹം ചുമതലയേല്‍ക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതു മുതല്‍ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പകരക്കാരനായാണ് ഖാര്‍ഗെയെ നിയമിതനാകുക.
അതേസമയം, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ‘വഞ്ചനയും നാടകവും’ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് രാജ്യവര്‍ദ്ധന്‍ റാത്തോഡ് രംഗത്ത് വന്നു. ‘ശക്തമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. ഏറെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഒരു കുടുംബത്തില്‍ നിന്ന് അകന്ന് നോക്കിയെങ്കിലും ഒരു റബ്ബര്‍ സ്റ്റാമ്പ് തിരഞ്ഞിരിക്കുകയാണ്. അവരുടെ ആഭ്യന്തര തിരഞ്ഞെടുപ്പ് വെറും തട്ടിപ്പും നാടകവുമാണ്,’ റാത്തോഡ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.