ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്. ഭീകരാക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിങ്ങിലായിരുന്നുവെന്നും ലോകത്തിൽ എവിടെയെങ്കിലും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കാണാൻ കഴിയുമോയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

പുൽവാമയിലെ ഭീകരാക്രമണത്തിൽ രാജ്യം വിലപിക്കുമ്പോൾ കോർബെറ്റ് നാഷണൽ പാർക്കിൽ ഷൂട്ടിലായിരുന്നു പ്രധാനമന്ത്രി. വൈകുന്നേരം 3.10 മുതൽ 6.40 വരെ അദ്ദേഹം ഷൂട്ടിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകളോളം അദ്ദേഹം ഷൂട്ടിങ് തുടർന്നു. അതിനുശേഷം ഡിസ്കവറി ചാനലിന്റെ ക്യാമറാമാൻ അടക്കമുളള അംഗങ്ങൾക്കൊപ്പം ബോട്ട് യാത്ര നടത്തിയെന്നും സുർജേവാല ആരോപിച്ചു. ആ സമയത്തെ ചിത്രവും അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. താങ്കൾ ഹോളിവുഡ്, ബോളിവുഡ് താരമാണോ, അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ഭീകരാക്രമണം അറിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം കോൺഗ്രസ് പ്രതികരിച്ചു. പക്ഷേ പ്രധാനമന്ത്രി പ്രതികരിച്ചില്ല. അദ്ദേഹം മന്ത്രിസഭാ സമിതി വിളിച്ച് കാര്യങ്ങൾ തിരക്കുന്നതിനുപകരം ഷൂട്ടിലായിരുന്നു. രാജ്യം കരയുമ്പോൾ അദ്ദേഹം ഫോട്ടോകൾക്ക് പോസ് ചെയ്യുകയായിരുന്നു. രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചില്ല. കാരണം അദ്ദേഹം തന്റെ പൊതുപരിപാടികൾ റദ്ദ് ചെയ്യാൻ ആഗ്രഹിച്ചില്ലെന്നും സുർജേവാല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook