ജെറുസലേം: “പ്രിയപ്പെട്ട മോദി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും ഇഷ്ടമാണ്…” മുംബൈയില്‍ ഭീകരരുടെ യന്ത്രത്തോക്കുകള്‍ തീ തുപ്പിയപ്പോള്‍ ഈയാംപാറ്റകളെ പോലെ പിടഞ്ഞുവീണ് മരിച്ച മാതാപിതാക്കളെ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്ത് 11കാരനായ മോശെ ഹോള്‍സ്‍ബെര്‍ഗ് പറഞ്ഞു നിര്‍ത്തി.

ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2008 -ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബേബി മോഷയെ സന്ദര്‍ശിച്ചത് കാലം കാത്തുവെച്ച സുപ്രധാനമായൊരു കണ്ടുമുട്ടലാണ്. മോഷെയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി മോശെയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ ദീര്‍ഘകാല വിസ നല്‍കുമെന്നും ഉറപ്പു നല്‍കി.

ജെറുസലേമില്‍ ഇന്ത്യക്കാരിയായ സാന്ദ്ര സാമുവലിനും മുത്തച്ഛനായ റാബ്ബി നച്ച്മാന്‍ ഹോള്‍സ്‍ബെര്‍ഗുമൊത്താണ് മോശെ മോദിയേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും കണ്ടത്. മോദി തന്നേയും ക്ഷണിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് പോകുമ്പോള്‍ മോശെയും തന്റെ കൂടെ ഉണ്ടാകുമെന്നും നെതന്യാഹു മോശെയോട് പറഞ്ഞു.

2008 നവംബര്‍ 26 നായിരുന്നു മുംബൈയിലെ ഭീകരാക്രമണം. ആയുധധാരികളായ പത്ത് ചെറുപ്പക്കാര്‍ മൂന്നുദിവസം നഗരത്തെയും രാജ്യത്തെയും മുള്‍മുനയില്‍ നിര്‍ത്തി. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ എത്ര ദുര്‍ബലമെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. പാകിസ്താന്‍ കേന്ദ്രമായുള്ള ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മോഷെയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ അഞ്ചിടങ്ങളിലാണ് ഭീകരാക്രണമുണ്ടായത്. ഇതില്‍ നരിമാന്‍ ഹൗസില്‍ നടന്ന ആക്രമണത്തിലാണ് അന്നു രണ്ടു വയസുകാരനായിരുന്ന മോഷെയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്.

മോശെയുടെ മാതാപിതാക്കളായ റിവ്കയും ഗാവ്റിയേല്‍ ഹോള്‍സ്ബെര്‍ഗുമടക്കം എട്ടുപേരാണ് നരിമാന്‍ ഹൗസില്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത് ഇന്ത്യക്കാരിയായ കുട്ടിയുടെ ആയ സാന്ദ്ര സാമുവലായിരുന്നു. കുട്ടിയുമായി സാന്ദ്ര വളരെ വിദഗ്ധമായി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സാന്ദ്രയും കുട്ടിയും ഇസ്രായേലിലേക്ക് തിരിച്ചുപോയി. മോശെ പിന്നീട് തന്റെ അമ്മയുടെ മാതാപിതാക്കളായ ഷിമോന്റെയും യെഹുദിത്ത് റോസന്‍ബെര്‍ഗിന്റെയും സംരക്ഷണയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ