Latest News

പ്രധാനമന്ത്രി കേദാര്‍നാഥില്‍; ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ശങ്കരാചാര്യയുടെ സമാധിയുടെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ റിട്ട. കേണല്‍ അശോക് കിനിയാണ്

Narendra Modi
Photo: Twitter/ BJP4India

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി ആദിഗുരു ശങ്കരാചാര്യയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. 12 അടി ഉയരവും 35 ടണ്‍ ഭാരമുള്ള പ്രതിമയുടെ നിര്‍മാണ പ്രവർത്തനങ്ങൾ 2019 ല്‍ ആരംഭിച്ചതാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അഞ്ചാമത്തെ കേദാര്‍നാഥ് സന്ദർശനമാണിത്. അതിരാവിലെ ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.

നിരവധി പദ്ധതികള്‍ക്ക് പുറമെ രുദ്രപ്രയാഗ് ജില്ലയിൽ ഗംഗയുടെ കൈവഴിയായ മന്ദാകിനി നദിക്ക് സമീപം 2013 ലുണ്ടായ പ്രളയത്തിൽ തകർന്ന ശങ്കരാചാര്യരുടെ പുനർനിർമിച്ച സമാധിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. എട്ടാം നൂറ്റാണ്ടിലെ ദർശകനായ ആദി ഗുരു ശങ്കരാചാര്യ കേദാർനാഥിൽ മോക്ഷം നേടിയിരുന്നു.

12 ജ്യോതിർലിംഗങ്ങൾ, നാല് ശങ്കരാചാര്യ മഠങ്ങൾ, അദ്ദേഹത്തിന്റെ ജന്മസ്ഥലം, രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പരിപാടിയുടെ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കും.

ശങ്കരാചാര്യയുടെ സമാധിയുടെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് മലയാളിയായ റിട്ട. കേണല്‍ അശോക് കിനിയാണ്. കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹം. ഉത്തരാഖണ്ഡ് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അശോക് കിനിയുടെ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണത്തില്‍ തീരുമാനം ഉണ്ടായത്.

400 കോടി രൂപയുടെ കേദാർപുരി പുനർനിർമ്മാണ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായാണ് കേദാർപുരി പുനർനിർമ്മാണം കണക്കാക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ അദ്ദേഹം നേരിട്ട് വിലയിരുത്തിയിരുന്നു.

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ക്യാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി ധാമി ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മോദിയെ വരവേൽക്കാൻ കേദാർപുരി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകൾ എത്തുന്ന ലോകത്തിന്റെ തന്നെ ആത്മീയ സാംസ്കാരിക തലസ്ഥാനമായി ദേവഭൂമിയെ വികസിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“കേദാർനാഥിനെ വലിയ തോതിൽ വികസിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനുള്ള ആദ്യ പടിയായാണ്. ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. നൂറുകണക്കിനു വർഷങ്ങളായി ആരും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി കേദാർനാഥിൽ ചെയ്തിരിക്കുന്നത്,” ധാമി വ്യക്തമാക്കി.

Also Read: കോവിഡ്: സംസ്ഥാനത്ത് പുതിയ കേസുകളില്‍ കൂടുതലും വാക്സിന്‍ സ്വീകരിച്ചവര്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi unveils adi shankaracharya statue at kedarnath

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com