ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തി. ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദി- സെലന്‍സ്‌കി കൂടിക്കാഴ്ച നടന്നത്. യുക്രൈയ്‌നില്‍ നടക്കുന്ന യുദ്ധത്തിന് പരിഹാരം കാണുന്നതിന് ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കി. .
‘യുക്രൈയ്‌നിലെ യുദ്ധം ലോകമെമ്പാടും ഒരു വലിയ പ്രശ്‌നമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് സമ്പദ്‌വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി ഞാന്‍ കാണുന്നില്ല, ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യും’ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. പാപ്പുവ ന്യൂ ഗിനിയയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ പാദത്തില്‍ ജി 7 ഗ്രൂപ്പിന്റെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് ഹിരോഷിമയിലെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന്റെ ക്ഷണത്തെ തുടര്‍ന്നാണ് യുക്രേനിയന്‍ പ്രസിഡന്റും എത്തിയത്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ ഇന്ത്യ വാദിക്കുന്നത് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും അവശ്യവസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മൂലം ദുരിതമനുഭവിക്കുന്ന ആളുകളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനുമുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയാണെന്നും ജാപ്പനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം, യുഎന്‍ പ്രമേയങ്ങളില്‍ വോട്ട് ചെയ്യുന്നതില്‍ ഇന്ത്യ വിട്ടുനില്‍ക്കുന്നത്, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിച്ച തീരുമാനം തുടങ്ങിയ ചോദ്യങ്ങളിലായിരുന്നു മോദിയുടെ മറുപടി. റഷ്യന്‍ അധിനിവേശത്തെ അപലപിക്കാനുള്ള യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു, എന്നാല്‍ യുഎന്‍ നിയമപത്രം, അന്താരാഷ്ട്ര നിയമം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. യുക്രൈയ്ന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരത്തെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. ഇതിനായി യുഎന്നിലും പുറത്തും ക്രിയാത്മകമായ പങ്ക് നല്‍കാന്‍ തയ്യാറാണ്, പ്രധാനമന്ത്രി പറഞ്ഞു..
മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള യുക്രൈനിന്റെ സഹകരണത്തെ മോദി അഭിനന്ദിച്ചതായും വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ നടത്താനുള്ള യുക്രൈനിയന്‍ സ്ഥാപനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.