ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണം നേടിയതോടെ ഇന്ദിരാ ഗാന്ധിക്ക് സാധിക്കാത്ത കാര്യമാണ് ബിജെപി സാധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഒറ്റയ്ക്ക് ഭരണം നടത്തുന്ന 14 സംസ്ഥാനങ്ങളും സഖ്യകക്ഷികളുമായി ഭരണം നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളും പരാമർശിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഡൽഹിയിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ദിരയ്ക്ക് 18 സംസ്ഥാനങ്ങളിലെ ഭരണം ആയിരുന്നു ഉണ്ടായിരുന്നത്. ബിജെപിക്ക് ഇപ്പോൾ 19 ഇടത്ത് ഭരണം ഉണ്ട്. ഇന്ദിരയ്ക്ക് സാധിക്കാത്തതാണ് ബിജെപി സാധിച്ചിരിക്കുന്നത്”, അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് മറ്റൊരു പാർട്ടിക്കും നേടാനാവാത്ത നേട്ടമാണ് മൂന്ന് വർഷം കൊണ്ട് ബിജെപി നേടിയെടുത്തത്. പ്രസംഗത്തിനിടെ മൂന്ന് വട്ടം മോദി വികാരാധീനനായി. മൂന്ന് തവണ അദ്ദേഹം കണ്ണീർ തുടച്ചു. മക്രന്ദ് ദേശായി, അരവിന്ദ് മണിയാർ, വസന്തറാവു ഗജേന്ദ്ര ഗഡ്‌കർ എന്നിവരുടെ ഇടപെടലുകൾ പരാമർശിക്കവേയാണ് മോദി വികാരധീനനായത്.

ഇപ്പോൾ ബി.ജെ.പി നേടിയത് വലിയ വിജയമാണെന്ന് പറഞ്ഞ മോദി, 2019 ല്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളെ നിസ്സാരമായി കാണരുതെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കും തനിക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നുവെന്നും പരാജയത്തിലും വിജയം അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ശ്രമം ചിരിയുണര്‍ത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പ്രതിപക്ഷത്തിന്റെ വിവരമില്ലാത്ത പ്രചാരണങ്ങളിൽ വീണുപോകരുത്”, എന്ന ഉപദേശവും പാർട്ടി പ്രവർത്തകർക്ക് മോദി നൽകി. “ഗുജറാത്തിലേത് കോൺഗ്രസിന്റെ ധാർമ്മിക വിജയമാണ്”, എന്ന് നേരത്തേ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook