മുംബൈ: രാഷ്ട്രീയത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. രാഷ്ട്രീയ നിലപാടുകള്‍ വച്ച് അത് ശരിയാകില്ലെന്ന് താന്‍ മോദിയോട് തിരിച്ചു പറഞ്ഞതായും ശരദ് പവാര്‍ വെളിപ്പെടുത്തി.

എന്‍സിപി നേതാവും സഹോദര പുത്രനുമായ അജിത് പവാര്‍ ബിജെപിക്ക് പിന്തുണ അറിയിച്ചതിനു മൂന്ന് ദിവസം മുന്‍പാണ് പ്രധാനമന്ത്രിയും ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ബിജെപി-എന്‍സിപി ധാരണയാണ് ഇരവരും തമ്മില്‍ ചര്‍ച്ച ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പുതിയ വെളിപ്പെടുത്തല്‍. മറാത്തി ന്യൂസ് ചാനലായ എബിപി മജ്ഹയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

Read Also: ബാലന്‍ ഡി ഓര്‍: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ശരദ് പവാര്‍ നല്‍കിയ മറുപടി ഇങ്ങനെ: “അത് സത്യമല്ല. മഹാരാഷ്ട്രയില്‍ ബിജെപിയും എന്‍സിപിയും ഒന്നിച്ചു നില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല, മകള്‍ സുപ്രിയ സുലെയ്ക്ക് നരേന്ദ്ര മോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.”

പ്രധാനമന്ത്രിയുമായി കര്‍ഷക പ്രതിസന്ധിയെ കുറിച്ച് മാത്രമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു കൂടിക്കാഴചയ്ക്ക് ശേഷം ശരദ് പവാര്‍ പറഞ്ഞിരുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനു മുന്‍പ് എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ താന്‍ വലിയ സന്തോഷവാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി അഭിമുഖത്തില്‍ ശരദ് പവാര്‍ വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook