അബുദാബി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിടും. യുഎഇയുടെ തലസ്ഥാനമായ അബുദാബി നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലമാണ്. ദുബായിലെ ഒപേര ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങ് നിര്‍വഹിക്കുക. 2022ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

യുഎഇയില്‍ നിലവില്‍ ദുബായില്‍ മാത്രമാണ് ഒരു ഹിന്ദു ക്ഷേത്രമുളളത്. പ്രധാനമന്ത്രി ഇപ്പോള്‍ പലസ്തീനില്‍ സന്ദര്‍ശനം നടത്തുകയാണ്. വിദേശകാര്യ വികസന പ്രവർത്തനങ്ങളിൽ വളരെയേറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന സന്ദർശനമാണ് ഇന്നത്തേത്.

ഇസ്രയേലുമായുളള സഹകരണം മുൻപില്ലാത്ത വിധം ശക്തമാക്കിയ ശേഷമാണ് പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കുന്നത്. റാമുല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇവിടെ നിന്നും അദ്ദേഹം യാസർ അറാഫത്തിന്റെ ശവകുടീരത്തിലേക്ക് പോയി.

ഇവിടെ പുഷ്പാർച്ചന നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി പിന്നീട് യാസർ അറാഫത്ത് മ്യൂസിയത്തിലേക്കാണ് പോയത്. ഈ സന്ദർശനം കഴിഞ്ഞാൽ ഗാർഡ് ഓഫ് ഹോണർ സ്വീകരിക്കും. പിന്നീടാകും ഇപ്പോഴത്തെ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ചർച്ച നടത്തുക.

ഉച്ചഭക്ഷണത്തിന് ശേഷം നയതന്ത്ര ചർച്ചകളിലേക്ക് കടക്കും. ഇവിടെ നയതന്ത്ര കരാറുകളിൽ ഒപ്പുവച്ച ശേഷം അദ്ദേഹം അമാൻ വിമാനത്താവളത്തിലേക്ക് പോകും. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിയോടെ അദ്ദേഹം അബുദാബിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ ഹ്രസ്വമായ സന്ദർശനം ആണെങ്കിൽ കൂടി ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് മാത്രം അനുകൂലമായി ഇന്ത്യ നിലപാടെടുത്തേക്കില്ലെന്ന തോന്നലിലേക്ക് കാര്യങ്ങളെ എത്തിക്കാൻ ഇതിലൂടെ സാധിച്ചേക്കും. അതേസമയം പലസ്തീനുളള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുളള കരാറുകളിലും ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവച്ചേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook