ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എൻജിൻ രഹിത അതിവേഗ തീവണ്ടിയായ വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച മുതൽ സർവീസ് നടത്തും. വെള്ളിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ആദ്യ യാത്രക്കാരാകും.
ഡൽഹി – വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ആദ്യ ദിനം ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയിൽ എത്തുക. കാൻപൂർ, അലഹബാദ് എന്നിവിടങ്ങളിൽ ട്രെയിനിന് സ്വീകരണം നൽകും.
റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.
നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് സർവ്വീസ് നടത്തുക. ജിപിഎസ്, ഓട്ടോമാറ്റിക് ഡോർ, ട്രോയിനിന്റെ വേഗത കാണിക്കുന്ന സ്ക്രീൻ ഉൾപ്പടെ നിരവധി ആധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് എക്സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്.