ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായല്ല ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ നയത്തിനെതിരെയാണ് ശബ്ദമുയർത്തേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പാക്കിസ്ഥാൻ രൂപീകൃതമായത് മതത്തിന്റെ അടിസ്ഥാനത്തിലാണ്, മതന്യൂനപക്ഷങ്ങൾ അവിടെ പീഡിപ്പിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവർ അഭയാർഥികളായി ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതരായി. കോൺഗ്രസും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നില്ല, പകരം അവർ ഈ അഭയാർഥികൾക്കെതിരെ റാലികൾ നടത്തുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. നിയമം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണു പൗരത്വ നിയമ ഭേദഗതിയില്‍ വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കിയിരിക്കുന്നത്.

നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട് മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നേടുന്നതിനെ ഈ നിയമം സഹായിക്കും. ഇതു ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കില്ലെന്നും ദേശീയ തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംഇഎ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് നടന്നുവരുന്നത്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook