ന്യൂഡല്‍ഹി: സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ ഏകപക്ഷീയമായ ഇടപെടലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കുടുംബ രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം.
”ചില അഴിമതിക്കാരായ പാര്‍ട്ടികള്‍ അവരുടെ അഴിമതിയുടെ കണക്കുകള്‍ തുറക്കാതിരിക്കാന്‍ കോടതി വരെ പോയി. അവിടെ അവര്‍ക്ക് തിരിച്ചടി ലഭിച്ചു. തെലങ്കനയില്‍ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ നിസ്സഹകരണം മൂലം പദ്ധതികള്‍ വൈകുന്നുവെന്ന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം കാരണം തെലങ്കാനയിലെ പല കേന്ദ്ര പദ്ധതികളും വൈകുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്ന് ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു, വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി പ്രധാനമന്ത്രി ശനിയാഴ്ച തന്റെ ദ്വിദിന സന്ദര്‍ശനം ആരംഭിച്ചു. വൈകിട്ട് ചെന്നൈ വിമാനത്താവളത്തില്‍ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,20,972 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ടെര്‍മിനല്‍, തമിഴ്നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന വ്യോമഗതാഗതത്തെ തുടര്‍ന്നാണ് ആവശ്യമായി വന്നതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. തെലങ്കാനയില്‍ ശനിയാഴ്ച സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും.