ന്യൂഡൽഹി: ലഡാക് സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയ്‌ക്ക് അടിയറവ് വച്ചു. ഭൂമി ചൈനയുടേതാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായതെന്നും അവർ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

ഇന്ത്യയുടെ അതിർത്തി പ്രദേശത്ത് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ഒരു സൈനിക പോസ്റ്റും ആരും പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തുവന്നത്.

Read Also: ചൈനയുമായുള്ള വ്യാപാര നിരോധനം ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട് ?

അതിനിടെ, ഗൽവാനിലെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യോമസേന മേധാവി ആർ.കെ.എസ്.ബദൗരിയ പറഞ്ഞു. അതിർത്തിയിലുണ്ടാകുന്ന ഏതൊരു കടന്നുകയറ്റത്തെയും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്. നിയന്ത്രണ രേഖയിലെ പ്രശ്​നങ്ങൾ സമാധാനപൂർവം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂൺ 15 ന് കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഘട്ടനം. കൊടും തണുപ്പുളള ഗൽവാൻ നദിയിലേക്ക് വീണാണ് ചില സൈനികർ മരിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. മറ്റു ചിലരുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook