ന്യൂഡല്‍ഹി: രാജ്യത്ത് കോറോണ വൈറസ് പകര്‍ച്ച വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ രോഗനിര്‍ണയ പരിശോധന, രോഗസാധ്യതയുള്ളവരെ കണ്ടെത്തല്‍, ഐസൊലേഷന്‍, ക്വാറന്റൈന്‍ എന്നിവയില്‍ കേന്ദ്രീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പൊതുവായ ലക്ഷ്യം കുറഞ്ഞ ജീവന്‍ നഷ്ടപ്പെടലാണെന്നും അദ്ദേഹം വ്യക്തമാക്കി.

”യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്, കോവിഡ് -19 ഹോട്ട്സ്‌പോട്ടുകള്‍ തിരിച്ചറിയുക, അവയെ വളയുക, വൈറസ് പടരാതിരിക്കാന്‍ ശ്രദ്ധിക്കുക,” മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ്-19 സംബന്ധിച്ച ആഗോള സ്ഥിതി തൃപ്തികരമല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി രണ്ടാം തരംഗം സംബന്ധിച്ച ഊഹത്തെക്കുറിച്ച് സൂചനയും നല്‍കി. ലോക്ക്ഡൗണ്‍ നീക്കുന്നതിനു പൊതുവായതും എന്നാല്‍ വഴക്കമുള്ളതുമായ തന്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

”ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ജനങ്ങള്‍ അനിയന്ത്രിമായി പുറത്തിറങ്ങുന്നതു തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും പൊതു തന്ത്രം രൂപപ്പെടുത്തണം, ”വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി പറഞ്ഞതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറയിച്ചു. പൊതുതന്ത്രക്കുറിച്ച് ആലോചിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.

ലോക്ക്ഡൗണിനെ പിന്തുണച്ചതിനു സംസ്ഥാനങ്ങള്‍ക്കു നന്ദി പറഞ്ഞ പ്രധാനമന്ത്രി കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിസന്ധി ലഘൂകരിക്കുന്നതിനു സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായ വിഭവങ്ങള്‍ സമാഹരിക്കുന്നതിന്റെ പ്രാധാന്യം സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

അവശ്യ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് -19 രോഗികള്‍ക്കു പ്രത്യേകമായി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

Read Also: കോവിഡ്-19: ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്

രാജ്യത്തുടനീളമുള്ള വിളവെടുപ്പ് സമയം കൂടിയായതിനാല്‍ ഈ മേഖലയ്ക്കു ലോക്ക്ഡൗണില്‍ കുറച്ച് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബാങ്കുകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ കീഴിലുള്ള ഗുണഭോക്താക്കള്‍ക്കു മുടങ്ങിക്കിടക്കുന്ന ഫണ്ട് വിതരണം ചെയ്യുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ആയുഷ് ഡോക്ടര്‍മാരെ സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി എന്‍സിസി, എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകരുടെ ഉപയോഗപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കണമെന്നു നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ്-19 മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്ന സാഹചര്യത്തില്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ദ്രുതഗതിയിലുള്ള ആന്റിബോഡി പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഇടക്കാല ഉപദേശം നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook