പാരീസ്: കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഉടന്പടി ലോകം പങ്കിടുന്ന പാരന്പര്യമാണെന്ന് പറഞ്ഞ മോദി അത് ഭാവി തലമുറക്കുള്ള കരുതിവെപ്പാണെന്നും അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന് ഇന്ത്യ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരിസിലെ എൽസി കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കര്യം പറഞ്ഞത്.
ആഗോളതാപനം കുറയ്ക്കാൻ വേണ്ടിയുള്ള 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു യുഎസ് പിന്മാറുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു മറുപടിയായാണു ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ഭൂമിയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുന്നതു കർത്തവ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ കൂടി ഭാഗമാണിത്. കാലാവസ്ഥാ സംരക്ഷണത്തിന് ഫ്രാൻസും പ്രതിജ്ഞാബദ്ധമാണെന്ന് മാക്രോൺ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിനു പൂർണപിന്തുണയും ഫ്രാൻസ് വാഗ്ദാനം ചെയ്തു.
യു.എൻ സുരക്ഷ കൗൺസിൽ സ്ഥിരാംഗത്വം, ഭീകരവിരുദ്ധ പ്രവർത്തനം, കാലാവസ്ഥ വ്യതിയാനം, സൗരോർജം എന്നീ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. ഇന്ത്യയിൽ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിൽ ഒമ്പതാം സ്ഥാനമുള്ള ഫ്രാൻസ് പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആണവ പരീക്ഷണങ്ങൾ, പുനരുപയോഗ ഉൗർജം, റെയിൽവേ, ഗ്രാമവികസനം എന്നീ രംഗങ്ങളിൽ സജീവ പങ്കാളികൂടിയാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെച്ച 39കാരനായ ഇമ്മാനുൽ മാക്രോണിനെ മോദി അഭിനന്ദിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും മുഖ്യകാരണമായ കാർബൺ ബഹിർഗമനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിൽ രണ്ടാമതാണു യുഎസ്. ഒന്നാമതു ചൈനയും മൂന്നാമത് ഇന്ത്യയും. ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഒപ്പുവച്ച കരാറിൽനിന്നാണു യുഎസ് പുറത്തേക്കുപോകുന്നത്. സിറിയയും നിക്കരാഗ്വയുമാണു നിലവിൽ പാരിസ് ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങൾ.