scorecardresearch
Latest News

പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷാ വീഴ്ചയില്ല, ബന്ധം വഷളാക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പാതയിലെ പ്രതിഷേധത്തെ കുറിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും പഞ്ചാബ് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷാ വീഴ്ചയില്ല, ബന്ധം വഷളാക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി: ബുധനാഴ്‌ച പ്രതിഷേധത്തെ തുടർന്ന് വഴിയിൽ കുടുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. സംഭവവികാസങ്ങളിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഒരു ഭീഷണിയുമില്ലെന്ന് പറഞ്ഞ ചന്നി, മുൻ യാത്രാ പദ്ധതികളിൽ അവസാന നിമിഷം വന്ന മാറ്റമാണ് കുടുങ്ങിപ്പോവാൻ കാരണമെന്ന് കുറ്റപ്പെടുത്തി. പാതയിലെ പ്രതിഷേധത്തെ കുറിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പകരം മോദിക്ക് ഒരു ഹെലികോപ്റ്റർ ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Also Read: ‘സുരക്ഷാ ലംഘനം’ ആരോപിച്ച് പഞ്ചാബ് റാലി ഒഴിവാക്കി പ്രധാനമന്ത്രി; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി

“പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടില്ല… ദയവുചെയ്ത് ബന്ധം വഷളാക്കരുത്… കർഷകർ ഒരു വർഷത്തിലേറെയായി പ്രക്ഷോഭത്തിലാണ്… ഞാൻ എന്റെ ജനങ്ങൾക്ക് നേരെ ലാത്തിച്ചാർജോ വെടിവെയ്പ്പോ നടത്താൻ പോകുന്നില്ല… എന്തെങ്കിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായാൽ ഞങ്ങൾ അന്വേഷിക്കും,” മുഖ്യമന്ത്രി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കർഷകർ ഒരു വർഷത്തോളം ഡൽഹിയിൽ (പ്രക്ഷോഭത്തിൽ) ഇരുന്നപ്പോൾ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ആർക്കെങ്കിലുമോ ഭീഷണി ഉണ്ടായിരുന്നോ? ഇന്നലെ രാത്രി ഞങ്ങൾ റോഡുകളിലെ തടസ്സങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ അവർ വീണ്ടും മടങ്ങിയെത്തി,” അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നൽകി.

ചൊവ്വാഴ്ച രാത്രി ഹരിയാന മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ആൾക്കൂട്ടം തന്നെ തടഞ്ഞുവെന്ന് പറഞ്ഞ അദ്ദേഹം, സംഭവത്തിൽ സുരക്ഷാ വീഴ്ചയും ആരോപിക്കണോ എന്നും ചോദിച്ചു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന ഉറപ്പിന് സമരക്കാർ താൽപര്യം പ്രകടിപ്പിച്ചതായി ചീഫ് സെക്രട്ടറി പുലർച്ചെ 1.30ന് തന്നെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച സുഗമമാക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നതായി ചാന്നി വെളിപ്പെടുത്തി.

“പിന്നെ പുലർച്ചെ 1:45 ന് ഞാൻ ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറെ വിളിച്ചു. അദ്ദേഹം എന്റെ ഫോൺ എടുത്തില്ല. 6:30 ന് അദ്ദേഹം എന്നെ തിരികെ വിളിച്ചു. ഞങ്ങൾ റോഡുകളിലെ തടസ്സങ്ങൾ മാറ്റിയതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു,” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

Also Read: കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറി; പ്രധാനമന്ത്രിക്കെതിരെ മേഘാലയ ഗവർണർ

മോശം കാലാവസ്ഥയും കർഷകരുടെ പ്രതിഷേധവും കണക്കിലെടുത്ത് പ്രധാനമന്ത്രി സന്ദർശനം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി കേന്ദ്രത്തോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് നൽകിയ പരിപാടി പ്രകാരം, മോദി എംഐ 17 ഹെലികോപ്റ്ററിൽ എത്തുമെന്നും രാവിലെ 11:05 ന് ഫിറോസ്‌പൂരിലെ ഹെലിപാഡിൽ ഇറങ്ങുമെന്നും ആയിരുന്നുവെന്നും ചന്നി പറഞ്ഞു.

ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് ഒരു കോളും ലഭിച്ചില്ലെന്ന് ചാന്നി പറഞ്ഞു. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിളിച്ചതായും അദ്ദേഹം പറഞ്ഞു. “നമുക്ക് ഒരു ബദൽ റൂട്ട് തിരഞ്ഞെടുക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ റാലി റദ്ദാക്കി മടങ്ങാൻ പ്രധാനമന്ത്രി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു,” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നത് സംബന്ധിച്ച ചോദ്യത്തിന്, പ്രധാനമന്ത്രി തന്നെക്കാൾ പ്രായമുള്ളയാളാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. “അദ്ദേഹത്തിന്റെ സ്ഥാനം എന്റെതിനേക്കാൾ വളരെ വലുതാണ്. അദ്ദേഹ അസ്വസ്ഥനാണെന്നോ മറ്റോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ‘ദയവായി വീണ്ടും വരൂ’ എന്ന് ഞാൻ പറയും,” ചന്നി പറഞ്ഞു.”

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് നേടി. പ്രധാനമന്ത്രിയുടെ സുരക്ഷാ സേന പ്രതിഷേധം കാരണം 15 മിനിറ്റിലധികം ഫ്‌ളൈഓവറിൽ കുടുങ്ങിയതെങ്ങനെയെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.

“പഞ്ചാബിലെ ഇന്നത്തെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷാ നടപടിക്രമങ്ങളിലെ ഇത്തരം വീഴ്ച പൂർണമായും അംഗീകരിക്കാനാകില്ല, ഉത്തരവാദിത്തം പരിഹരിക്കും,” ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi skips punjab rally over security breach