ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പഞ്ചാബ് പൊലീസിനെ കൃത്യമായി അറിയിച്ചിട്ടും വാഹനവ്യൂഹം 15 മിനിറ്റിലധികം ഫ്ളൈ ഓവറില്‍ കുടുങ്ങിയതെങ്ങനെയെന്ന് ചോദിച്ചാണ് റിപ്പോര്‍ട്ട് തേടിയത്.
”ഇന്ന് ബത്തിണ്ടയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കു പോകേണ്ടതായിരുന്നു. മഴയും മോശം ദൃശ്യപരതയും കാരണം,കാലാവസ്ഥ മാറുന്നതിനായി പ്രധാനമന്ത്രി 20 മിനുട്ടോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തത്തിനെത്തുടര്‍ന്ന് റോഡ് വഴി മാര്‍ഗം പോകാന്‍ അദ്ദേഹം തീരുമാനിച്ചു. രണ്ടു മണിക്കൂറിലേറെ ആവശ്യമായ യാത്ര സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളില്‍ പഞ്ചാബ് ഡിജിപിയുടെ സ്ഥിരീകരണം ലഭിച്ചശേഷം പ്രധാനമന്ത്രി പുറപ്പെട്ടു. രക്തസാക്ഷി സ്മാരകത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെത്തിയപ്പോള്‍ കുറച്ച് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതായി കണ്ടു. പ്രധാനമന്ത്രി 15-20 മിനുട്ടോളം മേല്‍പ്പാലത്തില്‍ കുടുങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വലിയ വീഴ്ചയാണിത്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് പ്രധാനമന്ത്രി ബത്തിണ്ട വിമാനത്താവളത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
”പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാപദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. നടപടിക്രമങ്ങളനുസരിച്ച് ലോജിസ്റ്റിക്സ്, സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ യാദൃച്ഛികമായി സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ നേരിടാനുള്ള പദ്ധതി തയാറാക്കിവയ്ക്കുകയും വേണം. ഇതുപ്രകാരം റോഡ് വഴിയുള്ള ഏതൊരു ചലനവും സുരക്ഷിതമാക്കാന്‍ അധിക സുരക്ഷ വിന്യസിക്കണം,” ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
”ഗുരുതരമായ ഈ സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ചയുടെ ഉത്തരവാദിത്തം കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്,” പ്രസ്താവനയില്‍ പറയുന്നു.
Also Read: കോവിഡ് ഹോം ഐസൊലേഷന്‍ ഏഴു ദിവസം; മാര്‍ഗരേഖ പുതുക്കി
അതേസമയം, സുരക്ഷാ വീഴ്ച നിഷേധിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, റോഡ് മാര്‍ഗം യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അവസാന നിമിഷം തയാറാക്കിയതാണെന്ന് പറഞ്ഞു.
”സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല, അദ്ദേഹത്തിന്റെ റാലിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഞാന്‍ ഇന്നലെ രാത്രി ഏറെ വൈകിയും ഉണര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് യാത്രാ അവസാന നിമിഷത്തിലാണ് ആസൂത്രണം ചെയ്തത്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാണ് അദ്ദേഹം നേരത്തെ ഉദ്ദേശിച്ചത്,” മുഖ്യമന്ത്രി ഒരു പ്രാദേശിക ടിവി ചാനലിനോട് പറഞ്ഞു.
സംഭവത്തിനുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ബിജെപി രംഗത്തെത്തി.
”പഞ്ചാബിനായി ആയിരക്കണക്കിനു കോടി രൂപയുടെ വികസനപദ്ധതികള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടസപ്പെട്ടതില്‍ ഖേദമുണ്ട്. എന്നാല്‍ അത്തരം വിലകുറഞ്ഞ മാനസികാവസ്ഥ പഞ്ചാബിന്റെ പുരോഗതിയെ തടസപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല, പഞ്ചാബിന്റെ വികസനത്തിനുള്ള ശ്രമം തുടരും,” ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്തു. ”ബിജെപി റാലിയില്‍ ആളുകള്‍ പങ്കെടുക്കുന്നതു തടയാന്‍ സംസ്ഥാന പൊലീസിനു നിര്‍ദേശം ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു.
“പൊലീസിന്റെ ഉന്നത ഇടപെടലും പ്രതിഷേധക്കാരുമായുള്ള ഒത്തുകളിയും കാരണം വലിയൊരു കൂട്ടം ബസുകള്‍ കുടുങ്ങി. മുഖ്യമന്ത്രി ചന്നി ഫോണില്‍ വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ തയാറായില്ല. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ജനാധിപത്യ തത്വങ്ങളില്‍ വിശ്വസിക്കുന്ന ആരെയും വേദനിപ്പിക്കും,” നിരവധി ട്വീറ്റുകളിലായി നദ്ദ കുറിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ റാലിക്കായി 70,000 കസേരകള്‍ നിരത്തിയെങ്കിലും 700 പേര്‍ മാത്രമാണ് എത്തിയതെന്ന് മുഖ്യമന്ത്രി ചന്നി തിരിച്ചടിച്ചു.