PM Modi’s Press Conference, ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്ന് മോദി പറഞ്ഞു. അമിത് ഷായാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണ കാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടു വന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്ത് മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സംവിധാനമുണ്ട്. അച്ചടക്ക സമിതിക്ക് മുമ്പാകെ ഈ പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഷാ പറഞ്ഞു.
PM Modi Press Conference: അമിത് ഷായുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മോദി സംസാരിച്ചു. രാജ്യത്ത് വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ.
പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞ പ്രധാനപ്പെട്ട 10 വാചകങ്ങള്‍
- തിരഞ്ഞെടുപ്പ് നടത്താനായി ഐപിഎല്‍ മത്സരം മറ്റൊരു രാജ്യത്ത് നടത്തേണ്ട ഒരു കാലമുണ്ടായിരുന്നു. പക്ഷെ കഴിവുളള ഒരു സര്‍ക്കാരിന്റെ കീഴില്‍ നമുക്ക് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഐപിഎലും റംസാനും ഈസ്റ്ററുമെല്ലാം നല്ല രീതിയില്‍ നടന്നു
- ഞാനൊരു അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണ്, അദ്ധ്യക്ഷനാണ് എല്ലാം- ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി മോദി പറഞ്ഞു
- എന്നെ അനുഗ്രഹിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിന് നിങ്ങളോട് (മാധ്യമങ്ങളോട്) നന്ദി പറയാനാണ് ഞാന്‍ എത്തിയത്
- അധികാരത്തില്‍ വന്നയുടനെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും
- പുതിയ സര്‍ക്കാര്‍ ഉത്തരവാദിത്തം ഉടന്‍ തന്നെ ഏറ്റെടുക്കും. എല്ലാം പ്രാവര്‍ത്തികമായി എന്നതാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ പ്രത്യേകത
- വ്യക്തമായ മുഴുവന്‍ ഭൂരിപക്ഷത്തോടേയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ വീണ്ടും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത് രാജ്യത്ത് ആദ്യമായിരിക്കും
- നിങ്ങളോട് നന്ദി പറയാനാണ് ഞാന്‍ എത്തിയതെന്നാണ് ജനങ്ങളോട് ഞാന്‍ പറഞ്ഞത്. എല്ലാ കയറ്റിറങ്ങളിലും നിങ്ങളുടെ അനുഗ്രഹത്തിന് നന്ദി. രാജ്യം എല്ലായ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് നിങ്ങളോട് നന്ദി പറയാനും, നിങ്ങളിലൂടെ ജനങ്ങളോട് നന്ദി പറയാനും ആണ് ഞാന്‍ എത്തിയിരിക്കുന്നത്
- നമ്മുടെ ജനാധിപത്യം വളരെ ഊര്‍ജ്ജസ്വലമായതാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ നമ്മുടെ കഴിവ് ലോകത്തെ കാണിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്
- പ്രചരണം നടത്തുന്നതില്‍ നിന്നും നല്ല അനുഭവമാണ് ലഭിച്ചത്. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രചരണത്തിന്റെ പുറത്ത് ഗവേഷണം നടത്തണമെങ്കില്‍ പാര്‍ട്ടി അദ്ധ്യക്ഷനോട് വേണ്ടത് ചെയ്ത് തരാന്‍ പറയാം. ഒരു പ്രചരണ പരിപാടി പോലും റദ്ദാക്കേണ്ടി വന്നിട്ടില്ല. കാലാവസ്ഥയും ഞങ്ങളുടെ കൂടെയായിരുന്നു
- സോഷ്യല്‍മീഡിയയിലും നല്ല രീതിയിലുളള പ്രചരണമാണ് നടത്താന്‍ കഴിഞ്ഞത്