ന്യൂഡൽഹി: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. തങ്ങൾ പുറത്തുവിട്ട ഓഡിയോ ടേപ്പുകളിൽ ബിജെപി നേതാക്കൾ പണവും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇതിന് മുകളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

“ബിജെപിയുടെ എംഎൽഎമാർ ഉൾപ്പെട്ട അഴിമതിയുടെ നഗ്ന നൃത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തോട് അദ്ദേഹം പുലർത്തുന്ന പ്രതിജ്ഞാബദ്ധത അദ്ദേഹം ഇതിലൂടെ തെളിയ്ക്കണം,” കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിൽ പറഞ്ഞു.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിശാല സഖ്യത്തിന്റെ നേതൃത്വം കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

പത്ത് ലക്ഷം കോടി രൂപയാണ് ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്രസർക്കാർ ജനങ്ങളിൽ നിന്ന് പിടിച്ചുപറിച്ചതെന്ന് കുറ്റപ്പെടുത്തിയ ഷേർഗിൽ ഈ പണമാണ് കർണ്ണാടകത്തിൽ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ഉപയോഗിച്ചതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ