യുവാക്കളെയും കർഷകരെയും പാവപ്പെട്ടവരെയും അവഗണിച്ച് പ്രതിപക്ഷം പ്രധാനമന്ത്രി കസേരയ്ക്ക് പിന്നാലെ ഓടുകയണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ യു പി സർക്കാരിന് കർഷകരെ സഹായിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കർഷകരോടൊപ്പമുളള സമയങ്ങൾ താനെപ്പോഴും ആസ്വദിക്കുകയാണ് ചെയ്യുന്നത് പ്രധാനമന്ത്രി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. യു പിയിലെ ഏറ്റവും വലിയ വോട്ട് ബാങ്ക് ആയ കർഷകരെ പ്രസാദിപ്പിക്കുന്ന നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുളളത്.
“കർഷകരോടൊപ്പമുളള സമയങ്ങൾ ഞാൻ അസ്വദിക്കുന്നു, അവരുടെ കഠിനധ്വാനം കാരണമാണ് ഇന്ത്യ നേട്ടങ്ങൾ കൈവരിചച്ത്. കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്യാൻ ഉത്തർ പ്രദേശിലെ ഷാജഹാൻ പൂരിലേയ്ക്ക് പോകുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഡിസംബർ ഒന്ന് മുതൽ കരിമ്പിൻ ജ്യൂസും മൊളാസ്സെസും എഥനോളും ഉൽപ്പാദിപ്പിക്കാൻ മില്ലുകൾക്ക് അനുമതി നൽകുമെന്ന് മോദി അറിയിച്ചു. ഉത്തർപ്രദേശിൽ നല്ലൊരു പങ്ക് കരിമ്പ് കർഷകരാണ്. സംസ്ഥാനത്ത് വലിയൊരു സഖ്യ ഷുഗർ മില്ലുകളുമുണ്ട്. കർഷകരിലെ വലിയൊരു വിഭാഗത്തിന്റെ ജീവിതമാർഗമാണ് കരിമ്പ് കൃഷി.
പ്രതിപക്ഷ പാർട്ടികൾ 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി സഖ്യമുണ്ടാ ക്കുന്നതി നെ മോദി വിമർശിച്ചു. ഹിന്ദിയിലെ പ്രയോഗം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം, കൂടുതൽ പാർട്ടികൾ, കൂടുതൽചേറ്, അതിൽ’താമര’ വിരിയും എന്നായിരുന്നു.
ഒരു മാസത്തിനുളളിൽ ഉത്തർപ്രദേശിലേയ്ക്കുളള മൂന്നാമത്തെ സന്ദർശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. അസംഗഡ്, സന്ത് കബീർ നഗർ, മിർസാപൂർ, വാരണാസി എന്നിവിടങ്ങളിലാണ് ഇതിന് മുന്പ് അദ്ദേഹം സന്ദർശനം നടത്തിയത്. റാലി സുഗമമായി നടത്തുന്നതിനായുളള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു. വാട്ടർപ്രൂഫ് ടെന്റുകളടക്കം ഇതിനായി സ്ഥാപിച്ചതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.