ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സഞ്ചരിക്കാന്‍ അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള കാര്‍. വെടിയുണ്ടയെയും സ്‌ഫോടനത്തെയും ചെറുക്കാന്‍ കഴിവുള്ള മെഴ്‌സിഡസ് മേയ് ബാക്ക് എസ് 650 ഗാര്‍ഡ് കാറിനു 12 കോടി രൂപയിലേറെയാണു വില.
മേയ് ബാക്ക് അടുത്തിടെയാണു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇടം പിടിച്ചതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ദ്വിദിന സന്ദര്‍ശനത്തിന് ഡിസംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി അവസാനമായി മേയ്ബാക്കില്‍ സഞ്ചരിക്കുന്നത് കണ്ടത്.
ലോകമെമ്പാടുമുള്ള വിഐപികള്‍ക്കുള്ള സുരക്ഷിത വാഹനങ്ങളുടെ നിരയില്‍ ഒന്നാമത് എന്നാണ് മേയ് ബാക്ക് എസ് 650 ഗാര്‍ഡിന്റെ വിശേഷണം. നേരത്തെ, അതിസുരക്ഷാ സംവിധാനങ്ങളുള്ള റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറുകളിലാണു നരേന്ദ്ര മോദി സഞ്ചരിച്ചിരുന്നത്.
”പ്രധാനമന്ത്രിയുടെ സുരക്ഷ സ്ഥിരമായ അവലോകന വിഷയമാണ്. വാഹനങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കമ്പനിയും പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള എസ്പിജിയും തമ്മിലുള്ള നിരവധി ഘട്ട ചര്‍ച്ചകള്‍ക്കു ശേഷമാണു മേയ് ബാക്ക് എസ് 650 ഗാര്‍ഡ് സ്വന്തമാക്കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കാറിന്റെ ഓരോ സുരക്ഷാ സവിശേഷതകളും പരിശോധിക്കുക മാത്രമല്ല, പ്രധാനമന്ത്രിയുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കനുസരിച്ച് ചില പരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തതയായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

360 ഡിഗ്രി സംരക്ഷണം ഉറപ്പാക്കുന്ന മേയ് ബാക്ക് എസ് 650 വിആര്‍ 10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ ലെവല്‍ ശേഷിയുള്ളതാണ്. സാധാരണക്കാര്‍ക്ക് ലഭ്യമായ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡമാണിത്. ഉഗ്ര സ്ഫോടനങ്ങളെ ചെറുക്കാന്‍ കഴിയുന്ന ഉറപ്പുള്ള ബോഡി ഷെല്ലും ഗ്ലാസ് ഹൗസിങ്ങും ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. സൈനിക ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളുകളില്‍നിന്നുള്ള വെടിയുണ്ടകള്‍ പോലും പ്രതിരോധിക്കും.
പുക, സ്വസ്ഥതയുണ്ടാക്കുന്ന വാതകങ്ങള്‍, വാതക ആക്രമണം പോലുള്ള അദൃശ്യമായ അപകടങ്ങളെ നേരിടാന്‍ കഴിയുന്ന തരത്തിലാണു വാഹനം നിര്‍മിച്ചിരിക്കുന്നത്. എമര്‍ജന്‍സി ശുദ്ധവായു സംവിധാനം ഓണ്‍ ചെയ്യുന്നതോടെ ഉള്ളിലുള്ള യാത്രക്കാരെ സുരക്ഷിതരാക്കുന്നു.
സ്വയം സീല്‍ ചെയ്യുന്ന ഇന്ധന ടാങ്കും ഇന്‍ ബില്‍റ്റ് ഫയര്‍ എക്സ്റ്റിംഗ്വിഷറും 360 ഡിഗ്രി ക്യാമറയും കാറിന്റെ പ്രത്യേകതയാണ്. 650 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 6 ലിറ്റര്‍ വി 12 എന്‍ജിനുള്ള കാറിന്റെ നീളം 5.45 മീറ്ററാണ്. വീല്‍ ബേസ് 3.36 മീറ്റര്‍. വാഹനത്തിന്റെ ഭാരമേറിയ വാതിലുകള്‍ തുറക്കാനും അടയ്ക്കാനും ഇലക്ട്രിക് മോട്ടോര്‍ ആണ് ഉപയോഗിക്കുന്നത്.
പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ യഥാര്‍ത്ഥ വില അറിയില്ലെങ്കിലും 12 കോടി രൂപയിലധികം വരുമെന്നാണു വ്യവസായ വൃത്തങ്ങള്‍ പറയുന്നത്.