ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിനുള്ളിൽ ഒന്നിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “പരിഭ്രാന്തരാകേണ്ട ആവശ്യമില്ല” എന്നും അണുബാധ തടയാൻ മന്ത്രാലയങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അതേസമയം കോമാളി കളിച്ച് ഇന്ത്യയുടെ സമയം പാഴാക്കരുതെന്ന മറുപടിയുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി. സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആലോചനയെ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.

പുതിയതായി രണ്ടു ആളുകളിൽ കൂടി ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂഡൽഹി, തെലങ്കാന എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം അഞ്ചായി. അതേസമയം ജയ്പൂരിൽ ഒരാൾക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് സംബന്ധിച്ച തയ്യാറെടുപ്പുകൾക്കായി വിപുലമായ അവലോകനം നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരുടെ പരിശോധന മുതൽ വൈദ്യസഹായം വരെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇത് എങ്ങനെ ചെയ്തു’ എന്ന അടിക്കുറിപ്പോടെ സിംഗപൂർ പ്രധാനമന്ത്രി ലീ ലൂങ്ങിന്റെ വീഡിയോയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഇന്ത്യ അടിയന്തരാവസ്ഥ നേരിടുന്ന സമയത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് കോമാളി കളിച്ച് ഇന്ത്യയുടെ സമയം പാഴാക്കുന്നത് ഉപേക്ഷിക്കണം. കൊറോണ വൈറസ് ചലഞ്ച് ഏറ്റെടുക്കുന്നതിൽ ഓരോ ഇന്ത്യക്കാരന്റെയും ശ്രദ്ധ കേന്ദ്രീകരിക്കുക,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കേരളത്തിന് പുറത്ത് ഇന്ത്യയിൽ ഇതാദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെ 70 രാജ്യങ്ങളിലായി 89000 ലധികം ആളുകളിലാണ് കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതൽ ആളുകളിൽ വൈറസ് സ്ഥിരീകരിച്ചത്, മരണസംഖ്യയുടെ ഭൂരിഭാഗവും ചൈനയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook