/indian-express-malayalam/media/media_files/R8aqjyzl671pIwmuaVRb.jpg)
വ്ളാഡിമർ പുടിൻ, നരേന്ദ്ര മോദി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക രേഖപ്പെടുത്തി. യുക്രെയ്ൻ-റഷ്യ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് റഷ്യൻ ഭരണകൂടത്തിന്റെ ഹൃദയഭാഗത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
Also Read: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ
സംഭവത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി, ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും നയതന്ത്ര ശ്രമങ്ങളാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്ന് വ്യക്തമാക്കി. "റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണ റിപ്പോർട്ടുകളിൽ അങ്ങേയറ്റം ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. പ്രകോപനപരമായ നടപടികൾ ഒഴിവാക്കി സമാധാനത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണം," പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു.
Also Read:വിഘടനവാദികൾക്ക് ആയുധമെത്തിച്ചു: യെമനിൽ ബോംബാക്രമണം നടത്തി സൗദി അറേബ്യ
തന്റെ വസതിക്ക് നേരെയുണ്ടായ നീക്കത്തിന് പിന്നിൽ യുക്രെയ്നാണെന്ന് റഷ്യൻ പ്രസിഡന്റ് ആരോപിച്ചു. ഇതിനെ "സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസം" (ഭരണകൂടം സ്പോൺസർ ചെയ്ത ഭീകരവാദം) എന്നാണ് ക്രെംലിൻ വിശേഷിപ്പിച്ചത്. സംഭവത്തിന് തക്കതായ മറുപടി നൽകുമെന്നും തിരിച്ചടിക്കാനുള്ള ലക്ഷ്യങ്ങൾ റഷ്യൻ സൈന്യം ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.
എന്നാൽ, റഷ്യയുടെ ആരോപണങ്ങൾ യുക്രെയ്ൻ പൂർണ്ണമായും തള്ളി. സമാധാന ചർച്ചകളെ അട്ടിമറിക്കാനും ലോകശ്രദ്ധ തിരിക്കാനുമുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള വ്യാജ പ്രചാരണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിഷയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. വ്ളാഡിമിർ പുടിൻ തന്നെ നേരിട്ട് വിളിച്ച് ആക്രമണത്തെക്കുറിച്ച് വിവരിച്ചതായും വിഷയത്തിൽ താൻ അതൃപ്തി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിൽ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരം ഒരു സംഭവം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് പുറമെ, ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിലും പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സുരക്ഷാ ഭീഷണികളിലും ഇന്ത്യ അതീവ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിദേശകാര്യ വെല്ലുവിളി കൂടി ഉയർന്നുവരുന്നത്. പ്രാദേശികമായ സമാധാനവും സ്ഥിരതയും നിലനിർത്താൻ ലോകശക്തികൾ സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു.
Read More:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us