ന്യൂഡൽഹി: 125 കോടി ജനത സ്വപ്നം കാണുന്നത് വിശിഷ്ടമായൊരു ഇന്ത്യയെ കെട്ടിപ്പടുക്കാനാണെന്ന് പ്രധ്യാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം ആദ്യമായി ജനങ്ങളെ മന്‍ കി ബാത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മള്‍ 21ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടത് മികച്ചു നില്‍ക്കുന്നൊരു പുതിയ ഇന്ത്യ ആണ്. 125 കോടി ജനതയ്ക്കും അവരുടേതായ സംഭാവന നല്‍കണമെന്ന ചിന്താഗതിയുള്ളവരാണ്. നാനാത്വത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് പാവങ്ങളേയും സഹായം അഭ്യര്‍ത്ഥിക്കുന്നവരേയും കൈവിടില്ല. ഇതാണ് ഇന്ത്യയുടെ കരുത്തെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കണമെന്നും ദൈനംദിന ജീവിതത്തിൽ കറൻസിയുടെ ഉപയോഗം കുറയ്ക്കുകയും ഡിജിറ്റൽ ഇടപാടിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളോട് ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യയുടെ പ്രചാരണത്തിനായി 100 ഡിജിധൻ മേളകൾ സംഘടിപ്പിക്കുമെന്ന് മോദി പറഞ്ഞു. സ്കൂൾ ഫീസ്, മരുന്നുകൾ വാങ്ങുന്നതിനും ട്രെയിൻ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിനും മറ്റും ഡിജിറ്റൽ പണമിടപാട് നടത്താനും മോദി നിർദേശിച്ചു. ഇത്തരം ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിലൂടെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലെ ധീര സൈനികരായി മാറാനും മോദി ആഹ്വാനം ചെയ്തു.
ഡിജിറ്റൽ ഇടപാട് നടത്താൻ പാവപ്പെട്ടവർ പോലും പരിശീലിച്ചു കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ പണമിടപാട് കൂടിയെന്നും മോദി പറഞ്ഞു. ഈ ലക്ഷ്യത്തോടെ കേന്ദ്രം കൊണ്ടുവന്ന ഭീം ആപ്പ് ഇതിനോടകം തന്നെ 1.5 കോടി പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് പ്രധാനമന്ത്രി ആശംസകളും അര്‍പ്പിച്ചു.