ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും അദ്ദേഹം രണ്ടാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബോളിവുഡ് താരം കങ്കണ റണാവത്. മോദിയെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ നേതാവെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. 2019 ല്‍ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്നും കങ്കണ പറഞ്ഞു.
‘ചലോ ജീത്തേ ഹേ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്‌ക്രീനിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു കങ്കണ. ”വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കുട്ടിയായിരിക്കെ കടന്നു വന്ന കയ്പേറിയ ജീവിത സാഹചര്യങ്ങളെ കുറിച്ച് ചിത്രം കാണിച്ചു തരുന്നു. പക്ഷെ ഇത് അദ്ദേഹത്തെ കുറിച്ചുള്ള സിനിമയല്ല, അതിലുപരിയായി നമ്മളെ കുറിച്ചുള്ള സിനിമയാണ്. സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതിനെ കുറിച്ചാണ് ചിത്രം പറയുന്നത്”, കങ്കണ പറയുന്നു.
പ്രധാനമന്ത്രിയായി മോദിയുടെ നാല് വര്‍ഷത്തെ ഭരണത്തേയും കങ്കണ പ്രശംസിച്ചു. ‘ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഏറ്റവും യോഗ്യനായ നേതാവ്. നമ്മളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. അത് മാറില്ല. കഠിനാധ്വാനം ചെയ്ത് അദ്ദേഹം നേടിയെടുത്ത സ്ഥാനമാണിത്. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റ വിശ്വാസ്യതയില്‍ സംശയപ്പെടാന്‍ പാടില്ല” താരം പറഞ്ഞു.
അതേസമയം, അടുത്ത തവണയും മോദി തന്നെയാണ് പ്രധാനമന്ത്രിയാകേണ്ടതെന്നും കങ്കണ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ കുഴിയില്‍ നിന്നും പുറത്ത് എത്തിക്കാന്‍ സാധിക്കില്ലെന്നും കങ്കണ പറഞ്ഞു. ആനന്ദ് എല്‍.റായിയും മഹാവീര്‍ ജെയ്‌നും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം മോദിയുടെ കുട്ടിക്കാലത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്.