ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സന്ദർശിച്ചു. രാജ്യത്തെ വാക്സിൻ ഹബുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സെറം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്. മൂന്ന് നഗരങ്ങളാണ് പ്രധാനമന്ത്രി സന്ദശിച്ചത്. അഹമ്മദാബാദ്, ഹൈദരാബാദ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പൂനെയിലെത്തിയത്.
എസ്‌ഐഐയിൽ, ഒരു മണിക്കൂർ ചെലവഴിച്ച പ്രധാനമന്ത്രി നിർമ്മാണ പ്രക്രിയയും കോൾഡ്ഫീൽഡ് വാക്സിൻ 50 ദശലക്ഷത്തിലധികം ഡോസുകൾ പുറത്തിറക്കാൻ തയ്യാറായ കോൾഡ് സ്റ്റോറേജ് സൗകര്യവും അവലോകനം ചെയ്തു.
അഹമ്മദാബാദിനടുത്തുള്ള കാഡിലയുടെ പ്ലാന്റ് അദ്ദേഹം ശനിയാഴ്ച കാലത്ത് സന്ദർശിച്ചിരുന്നു. അവിടെ നിന്ന് അദ്ദേഹം ഹൈദരാബാദിലേക്ക് തിരിക്കുകയും അവിടെ അദ്ദേഹം ഭാരത് ബയോടെക് സന്ദർശിക്കുകയും ചെയ്തു.
“ഇത് ഒരു മികച്ച സന്ദർശനമായിരുന്നു. എസ്‌ഐഐയിലെ ഉൽപാദന സൗകര്യത്തിൽ പ്രധാനമന്ത്രിക്ക് വളരെയധികം മതിപ്പുണ്ടായിരുന്നു, വാക്സിനേഷൻ എത്രയും വേഗം പുറത്തിറക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു, ”പൂനവാല ഗ്രൂപ്പ് ചെയർമാൻ ഡോ. സൈറസ് പൂനവാല ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡോ. സൈറസ് പൂനവായും മകനും എസ്‌ഐഐ സിഇഒയുമായ ആദർ പൂനവാലയും പത്നി നതാഷയും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
എത്രയും വേഗം വാക്സിൻ പുറത്തിറക്കാനുള്ള എസ്‌ഐഐയുടെ ശ്രമങ്ങളെ മോദി പ്രശംസിച്ചുവെങ്കിലും, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും വിശദമായി മനസ്സിലാക്കാൻ അദ്ദേഹം ഒരു മണിക്കൂർ തങ്ങളുടെ സ്ഥാപനത്തിൽ ചെലവഴിച്ചുവെന്നും ഡോ പൂനവാല പറഞ്ഞു. “വാക്സിനേഷന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്താൻ അദ്ദേഹം ഞങ്ങളോട് പറഞ്ഞു, ”ഡോ. പൂനവല്ല പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പ്രധാന ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി സംവദിക്കുകയും പരീക്ഷണങ്ങളുടെ അവസ്ഥ അറിയാൻ ശ്രമിക്കുകയും ചെയ്തു. “ഈ ശ്രമത്തിൽ സർക്കാരിന് സഹായിക്കാനാകുമോ എന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു,” ഡോ. പൂനവല്ല പറഞ്ഞു.
ഇന്നു രാവിലെയാണ് പ്രധാനമന്ത്രി സന്ദർശനത്തിന്റെ ഭാഗമായി ആദ്യ നഗരമായ അഹമ്മദാബാദിലെത്തിയത്. വിമാനമിറങ്ങിയ ശേഷം കാറിൽ സിഡസ് കാഡില പ്ലാന്റിലേക്ക് കാർ മാർഗം എത്തിച്ചേർന്നു. ഇവിടെ കോവിഡ് വാക്സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്.
അഹമ്മദാബാദിൽ നിന്ന് നേരെ ഹൈദരബാദിലേക്കാണ് പ്രധാനമന്ത്രി തിരിച്ചത്. ഭാരത് ബയോടെക് വാക്സിൻ നിർമാണ കേന്ദ്രം സന്ദർശിച്ചു. ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി ഭാരത് ബയോടെക്കിൽ എത്തിച്ചേർന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്സിൻ കാൻഡിഡേറ്റായ കോവാക്സിൻ നിര്‍മിക്കുന്നത് ഭാരത് ബയോടെക്കാണ്. ഐസിഎംആറിന്റെ സഹകരണത്തോടെയാണ് കൊവാക്സിന്റെ ഗവേഷണവും നിര്‍മാണവും. ഹൈദരാബാദിലെ ജീനോം വാലിയിലുള്ള വാക്സിൻ നിര്‍മാണ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന വിവരം വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഹൈദരബാദിൽ നിന്നാണ് പൂനെ സിറം ഇൻസ്റ്റിറ്റ‌്യൂട്ട് സന്ദർശിക്കാൻ പ്രധാനമന്ത്രി തിരിച്ചത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്‌ട്രസെനെകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ പരീക്ഷിക്കുന്നത്.
ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും ആദ്യ ലഭ്യത ഉറപ്പാക്കാനാണ് സിറം തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം പൊതു രംഗത്തേക്ക് എത്തിക്കും. 2021 മാർച്ച്-ഏപ്രിൽ കാലയളവിൽ വാക്‌സിൻ പൊതു വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് പറയുന്നു. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കേണ്ടിവരിക. സ്വകാര്യ വിപണിയിൽ 500 മുതൽ 600 വരെയായിരിക്കും വാക്‌സിൻ വിലയെന്നും സിറം വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 93,51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 4,54,940 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 87,59,969 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 485 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 1,36,200 ആയി ഉയർന്നു.