ഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരസേന മേധാവിയുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കരസേനാ മേധാവി എംഎം നരവണയുമായി ചേർന്ന് നടത്തിയ കൂടികാഴ്ചയിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ കുറിച് സൈനിക മേധാവി വിശദീകരിച്ചു. കോവിഡ് പ്രതിരോധത്തിൽ സൈന്യം സ്വീകരിച്ച നടപടികളെ കുറിച്ച് പ്രധാനമന്ത്രിയും കരസേനാ മേധാവിയും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സേനയിലെ ആരോഗ്യ പ്രവർത്തകരെ വിവിധ സംസ്ഥാന സർക്കാരുകൾക്ക് സഹായമായി നിയമിക്കുകയാണെന്നും രാജ്യത്തിൻറെ വിവിധ മേഖലകളിൽ താത്കാലിക ആശുപത്രികൾ നിർമിക്കുമെന്നും സേന മേധാവി പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഒപ്പം സൈനിക ആശുപത്രികൾ സാധാരണക്കാർക്ക് തുറന്ന് കൊടുക്കുമെന്നും എപ്പോൾ വേണമെങ്കിലും സാധാരണക്കാർക്ക് തങ്ങളുടെ അടുത്തുള്ള സൈനിക ആശുപത്രിയിൽ പോകാമെന്നും എംഎം നരവണ പറഞ്ഞു.
കഴിഞ്ഞ ദിവസം സംയുക്ത സേന മേധാവി ബിപിൻ റവത്തുമായി പ്രധാനമന്ത്രി കൂടി കാഴ്ച നടത്തിയിരുന്നു.