ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധിക്കണമെന്നും ലാബ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരേണ്ടതിന്റെയും ശ്വസന ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞതായി റിപോര്‍ട്ട് പറയുന്നു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ സ്ഥിതിഗതികളും പൊതുജനാരോഗ്യ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,134 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയതോടെ, സജീവ കേസുകള്‍ 7,026 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി കൊറോണ വൈറസിനെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണം. ഇന്‍ഫ്‌ലുവന്‍സയുടെ അവസ്ഥയെക്കുറിച്ചും പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന എച്ച്1എന്‍1, എച്ച്3എന്‍2 കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും മോദി വിശദീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് -19 മരണസംഖ്യ 5,30,813 ആയി ഉയര്‍ന്നു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഒരു മരണം കേരളത്തില്‍ റിപോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ 172 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എല്ലാ ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. സംസ്ഥാനത്ത് ആകെ 1,026 സജീവ കേസുകളുണ്ട്, 111 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.