ന്യൂഡല്‍ഹി:രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും കോവിഡ് വാക്‌സിന്‍ എടുക്കുകയും ചെയ്യുന്നതുള്‍പ്പെടെ കോവിഡിന് ഉചിതമായ ശീലങ്ങള്‍ പിന്തുടരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യോഗം.
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബി.എഫ്.7. വകഭേദത്തിന്റെ നാല് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേര്‍ക്ക് വീതമാണ് രോഗബാധ. ജൂലായ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനയുണ്ടായ സാഹചര്യത്തില്‍ രാജ്യത്തും നിരീക്ഷണം ശക്തമാക്കുകയാണ്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തുമെും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.