ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിനുള്ള സമര്‍പ്പണമെന്ന നിലയില്‍, കേന്ദ്ര സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കി. വാജ്‌പേയിയുടെ ചിത്രമുളള 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

നാണയം പുറത്തിറക്കിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ‘അടല്‍ ജി ഇനി നമ്മോടൊപ്പമില്ല എന്ന് വിശ്വസിക്കാന്‍ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല. സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം,’ എന്ന് മോദി പറഞ്ഞു.

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി എന്നിവരും നാണയം അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

നാണയത്തിന്റെ ഭാരം 35 ഗ്രാമാണ്. 50 ശതമാനം വെള്ളി, 40 ശതമാനം ചെന്പ്, അഞ്ച് ശതമാനം നിക്കല്‍, അഞ്ച് ശതമാനം നിക്കല്‍ എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിച്ചിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്തു വാജ്‌പേയിയുടെ ചിത്രവും, ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിൽ അദ്ദേഹത്തിന്റെ പേരും ഉണ്ട്. ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ, സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook