ഗുജറാത്തിൽ പൊതുസമ്മേളനത്തിനിടയിൽ നാക്കുപിഴച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയ്ക്ക് പകരം കറാച്ചി എന്ന് പറഞ്ഞാണ് മോദി സദസിൽ ചിരിപടർത്തിയത്. പിന്നീട് പ്രധാനമന്ത്രി തന്നെ പിഴവ് തിരുത്തി. കറാച്ചിയെന്നല്ല കൊച്ചിയെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം.

ഗുജറാത്തിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ച് സംസാരിക്കവെയാണ് സംഭവം. അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭരത്. ജാംനഗറിൽ ഉള്ള ഒരാൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ചികിത്സ നേടം, അത് കൊൽക്കത്തയിലാണെങ്കിലും കറാച്ചിയിലാണെങ്കിലും എന്നായിരുന്നു മോദി പറഞ്ഞത്.

” ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ഒരു ജാംനഗർ സ്വദേശി ഭോപ്പാലിൽ പോവുകയും അസുഖം വരുകയും ചെയ്താൽ ചികിത്സയ്ക്കായി തിരിച്ച് സ്വന്തം ദേശത്തേയ്ക്ക് വരണമെന്നില്ല. ആയുഷ്മാൻ ഭാരത് കാർഡ് കാണിച്ചാൽ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ചികിത്സ നേടാം. അത് കൊൽക്കത്തിയിൽ നിന്നാണെങ്കിലും കറാച്ചിയിൽ നിന്നാണെങ്കിലും, ” മോദി പറഞ്ഞു.

തെറ്റ് മനസിലാക്കിയ മോദി ഉടൻ തന്നെ അത് തിരുത്തുകയും ചെയ്തു. ” കറാച്ചിയെന്നല്ല കൊച്ചിയെന്നാണ് ഉദ്ദേശിച്ചത്. ഇപ്പോൾ മനസ് നിറയെ അയൽ രാജ്യമായ പാക്കിസ്ഥാനെകുറിച്ചുള്ള ചിന്തകളാണ്,” ഒരു പുഞ്ചിരിയോടെ മോദി വിശദീകരണവും നൽകി. അതിവേഗം തന്നെ വിഷയത്തിൽ നിന്ന് മാറിയ പ്രധാനമന്ത്രി പ്രസംഗം തുടർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook