പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്ക് ഇത്തവണയുള്ളത്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ രണ്ടാം വരവിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സിൻഡിക്കേറ്റ് ഭരണവും കൊള്ളയടിക്കലും നിലനിൽക്കുന്നടുത്തോളം കാലം ബംഗാളിൽ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്കാരിക പൈതൃകത്തെയും പ്രതിരൂപങ്ങളെയും അവഗണിച്ചുകൊണ്ട് തൃണമൂൽ സർക്കാർ തങ്ങളുടെ വോട്ട് ബാങ്കിനെ സംരക്ഷിക്കുന്നതിനായി “സമാധാന രാഷ്ട്രീയം” പിന്തുടരുകയാണെന്ന് മോദി ആരോപിച്ചു. എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന ഒരു സർക്കാരിനെ ബിജെപി ബംഗാളിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബംഗാളിലെ ജനങ്ങള്‍ മാറ്റത്തിനായി തയ്യാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജപി സര്‍ക്കാര്‍ രൂപപ്പെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം. താമര യഥാര്‍ഥ മാറ്റം കൊണ്ടുവരും. ആ മാറ്റമാണ് യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്,” മോദി പറഞ്ഞു.

വന്ദേ മാതരം രചിച്ച ബങ്കീം ചന്ദ് ചാറ്റര്‍ജിയുടെ സ്ഥലം പോലും ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഗാനം രചിച്ച സ്ഥലം പോലും സൂക്ഷിക്കാന്‍ സാധിക്കാത്തത് സംസ്ഥാനത്തിന് അപമാനമാണ്. ഇതിലെല്ലാം രാഷ്ട്രീയം ചേര്‍ന്നിരിക്കുന്നു. വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്ന് മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook