ന്യൂഡൽഹി: ഇന്ധനവില വർധനവിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയതിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധനനികുതിയുടെ 68 ശതമാനവും കേന്ദ്രമാണ് എടുക്കുന്നതെന്നും എന്നിട്ടും സംസ്ഥാനങ്ങളെ ‘കുറ്റപ്പെടുത്തി’ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ ഫെഡറലിസം സഹകരണമല്ല,നിയന്ത്രണമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
“ഉയർന്ന ഇന്ധന വില – സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു. കൽക്കരി ക്ഷാമം – സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു. ഓക്സിജൻ ക്ഷാമം – സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നു, “എല്ലാ ഇന്ധന നികുതിയുടെയും 68 ശതമാനം കേന്ദ്രമാണ് എടുക്കുന്നത്. എന്നിട്ടും പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.” രാഹുൽ കുറിച്ചു.
കഴിഞ്ഞ നവംബറിൽ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചില്ലെന്നും ആനുകൂല്യങ്ങൾ കൈമാറാതെ ജനങ്ങളോട് അനീതി കാട്ടിയെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
രാജ്യത്ത് ഉയർന്നുവരുന്ന കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങളും ചില കാരണങ്ങളാൽ കേന്ദ്രസർക്കാരിനെ ചെവിക്കൊണ്ടില്ലെന്നും ആ സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് അത് ഭാരമായി തുടരുകയാണെന്നും മോദി പറഞ്ഞു.
Also Read: ഇന്ധന നികുതി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണാജനകമെന്ന് ധനമന്ത്രി