ഷിയാമെൻ : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന സഹവര്‍ത്തിത്വം തുടരാനാകുമെന്ന് ഷി ജിൻപിങ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം പഞ്ചശീല തത്വങ്ങൾ പ്രകാരം തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മെച്ചപ്പെട്ടതായും ചൈനീസ് പ്രസിഡന്‍റ് വ്യകതമാക്കി. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക് ലാം സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും പരിശ്രമിക്കണമെന്നും കൂടിക്കാഴ്ചയിൽ ധാരണയായി.

ബ്രിക്സ് ഉച്ചകോടി മികച്ചരീതിയിൽ നടത്തിയ ചൈനയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖാമുഖം വെല്ലുവിളിച്ച ദോക്‌ ലാ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. പരസ്പരം വിശ്വാസം വർധിപ്പിക്കുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചു.

അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ക്രിയാത്മക ചർച്ചയാണ് നടന്നത്. അതിർത്തിയിൽ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കും. സംഘർഷങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഇരുരാജ്യങ്ങളും ഒരുമിച്ച് എടുക്കുമെന്ന് ഉറപ്പു നൽകിയതായും ജയ്ശങ്കർ വ്യക്തമാക്കി.

ബ്രിക്സ് ഉച്ചകോടി ഇന്ന് അവസാനിക്കും. വ്യാപാരം, വ്യവസായം, സുരക്ഷ തുടങ്ങിയ മേഖലകളിൽ നാലു കരാറുകളിൽ അഞ്ചു രാജ്യങ്ങളും ഒപ്പിട്ടു. ചൈന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഉച്ചക്ക് മ്യാൻമറിലേക്ക് യാത്ര തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ