ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോറിലെ സെയ്ഫി മോസ്ക് സന്ദര്‍ശിച്ചു. ഇമാം ഹൂസൈന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ദാവൂദി ബോറ സമുദായം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി സെയ്ഫി മോസ്ക്കിലെത്തിയത്. ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവ് സെയ്ദ്ന മുഫദ്ദാല്‍ സെയ്ഫുദ്ദീനുമായി പ്രധാനമന്ത്രി കൂടിക്കാഴ്‍ച നടത്തി. ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് മോദി പങ്കെടുത്തത്. പ്രവാചകന്റെ കൊച്ചുമകന്‍ ഇമാം ഹുസൈന്‍ സമാധാനവും നീതിയും നടപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് വലിയ പങ്കാണ് ദേശ സ്നേഹികളായ ദാവൂദി ബോറ സമുദായം നടത്തിയതെന്ന് മോദി പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഷിയാ വിഭാഗത്തില്‍ പെട്ട ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. ബോറ മുസ്‌ലിംകള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കുള്ള വ്യത്യസ്തമായ സ്വത്വം, ലോകം ഒരു കുടുംബമാണെന്ന വസുദൈവ കുടുംബ സങ്കല്‍പ്പമാണെന്ന് മോദി പറഞ്ഞു.

സമാധാനത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സമുദായമാണ് ദാവൂദി ബോറകളെന്ന് മോദി പറഞ്ഞു. ഒരുവേള ഈ സമുദായം മഹാത്മ ഗാന്ധിയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മോദി ഓര്‍മിപ്പിച്ചു. ‘ബോറ സമുദായവുമായി തനിക്ക് ഏറെ കാലത്തെ ബന്ധമുണ്ട്. ഒരു വീട്ടിലുള്ളവരെ പോലെയാണ് ആ ബന്ധം. ഇന്നും അവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗുജാറാത്തിലെ ബോറ സമുദായക്കാരെ കുറിച്ചും മോദി വാചാലനായി.

‘ഗുജറാത്തില്‍ ബോറ സമുദായക്കാരുടെ സംഭാവന കൊണ്ട് ഒട്ടേറെ ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ വികസനത്തില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് ബോറ വിഭാഗം. വ്യാപാരത്തിലും വ്യവസായത്തിലും ഇവര്‍ മാന്യത പുലര്‍ത്തുന്നു. മറ്റുള്ളവര്‍ക്കും ബോറ സമുദായം ഒരു മാതൃകയാണെന്നും മോദി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം. ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് പ്രത്യക്ഷത്തില്‍ തന്നെ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന വിഭാഗമാണ് ഷിയാക്കളിലെ ദാവൂദി ബോറകള്‍. ഇവര്‍ക്കിടയില്‍ സജീവമായി നിലനില്‍ക്കുന്ന ആചാരമായ സ്ത്രീ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വാദം നടക്കുന്നതിനിടെ, ആചാരം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത് ഈ വിഭാഗത്തിനിടയില്‍ സര്‍ക്കാരിനോടും ബിജെപിയോടും അസംതൃപ്തി പടര്‍ത്തിയിരിക്കെ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു വന്‍ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook