ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച ഫോട്ടോ സ്റ്റാൻഡ് ലേലത്തിൽ പോയത് ഒരു കോടി രൂപയ്ക്ക്. ഗുജറാത്തി ഭാഷയിൽ നരേന്ദ്ര മോദിയുടെ സന്ദേശമടങ്ങിയ സ്റ്റാൻഡിന്റെ അടിസ്ഥാന വില 500 രൂപയായിരുന്നു. ഗംഗാശുചീകരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗ പദ്ധതിക്കു പണം സമാഹരിച്ചു നൽകാൻ കഴിഞ്ഞ ആറു മാസത്തിനിടെ തനിക്കു ലഭിച്ച സമ്മാനങ്ങൾ മോദി ലേലത്തിനു വച്ചപ്പോഴാണ് വൻവില കൊടുത്ത് ഒരാൾ ഫോട്ടോ സ്റ്റാൻഡ് സ്വന്തമാക്കിയത്.

ചെറുനാളികേരത്തിനുളളിൽ വെളളികലശം നിറച്ച പെട്ടിയും ഒരു കോടിക്കാണ് ലേലത്തിൽ പോയത്. ഇതിന്റെ അടിസ്ഥാന വില 18,000 രൂപയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് മോദിക്ക് ഈ സമ്മാനം നൽകിയത്. പാൽ കുടിക്കുന്ന പശുക്കുട്ടിയുടെ ലോഹ ശിൽപമാണ് ഉയർന്ന തുകയ്ക്ക് പോയ മറ്റൊരു സമ്മാനം. 1,500 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ സമ്മാനം 51 ലക്ഷത്തിനാണ് ലേലത്തിൽ പോയത്.

narendra modi, ie malayalam

സെപ്റ്റംബർ 14 ന് തുടങ്ങിയ ലേലം ഒക്ടോബർ മൂന്നിനാണ് അവസാനിക്കുക. തലപ്പാവ്, ഷോൾ, പെയിന്റിങ്ങുകൾ, ആയിരത്തോളം വരുന്ന നരേന്ദ്ര മോദിയുടെ ഛായാചിത്രങ്ങൾ അടക്കം 2,772 സമ്മാനങ്ങളാണ് ഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ലേലത്തിൽ വച്ചിട്ടുളളത്.

narendra modi, ie malayalam

കേരളത്തിൽ നിന്നു മോദിക്കു ലഭിച്ച സമ്മാനങ്ങളും പ്രദർശനത്തിലുണ്ട്. ശീമാട്ടി സിൽക്സിന്റെ ബീന കണ്ണൻ നൽകിയ പട്ടിൽ തീർത്ത മോദി ചിത്രം, മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്കു സമ്മാനിച്ച നെറ്റിപ്പട്ടം കെട്ടിയ ആന പ്രതിമ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു നൽകിയ ഓണ വില്ല്, ആറന്മുള കണ്ണാടി എന്നിവയും പ്രദർശനത്തിലുണ്ട്. ഓൺലൈൻ വഴിയാണ് ലേലം നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ മോദിക്ക് ലഭിച്ച 1800 സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook