ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആദരം അര്‍പ്പിച്ചത്. രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ആദരമര്‍പ്പിക്കാനെത്തി.

ഗാന്ധി കുടുംബത്തെ കൂടാതെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരും വീർഭൂമിയിൽ സന്ദർശനം നടത്തി.തെരഞ്ഞെടുപ്പിനിടെ രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരണപ്പെട്ടതെന്നായിരുന്നു മോദി പറഞ്ഞത്.

ഒന്നാംനമ്പര്‍ അഴിമതിക്കാരനായാണ് രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി മരിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്രമോദി രാജീവ് ഗാന്ധിയുടെ പേരുദ്ധരിച്ച് രാഹുലിനെ ആക്രമിച്ചത്. അഴിമതിയുടെ കറ പുരളാത്തവനെന്നാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ഒന്നാന്തരം അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്നായിരുന്നു ബൊഫോഴ്‌സ് കേസിനെ ഉദ്ധരിച്ച് മോദിയുടെ പരാമര്‍ശം. ദേശീയ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്നത്. പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

എന്നാല്‍ പരാമര്‍ശങ്ങളില്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിട്ട് ലഭിച്ചു. എന്നാല്‍ പിന്നീടുള്ള റാലികളില്‍ മോദി ഇക്കാര്യം സൂചിപ്പിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണ് രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളെന്നും ഇത് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സ്വീഡിഷ് പ്രതിരോധ കമ്പനിയുമായി നടത്തിയ ആയുധ ഇടപാടില്‍ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയെന്നായിരുന്നു ബൊഫോഴ്‌സ് കേസ്. എന്നാല്‍ ഇതിനു തെളിവില്ലെന്ന്ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook