ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55-ാമത് ചരമവാര്‍ഷിക ദിനത്തില്‍ ആദരം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചരമവാര്‍ഷികത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ശ്രദ്ധാഞ്ജലി. നമ്മുടെ രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു,’ മോദി ട്വീറ്റ് ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പും ഗാന്ധി-നെഹ്റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചിരുന്നത്. ഇന്ത്യയുടെ വളര്‍ച്ച മുരടിപ്പിച്ചവരാണ് രണ്ട് കുടുംബങ്ങളെന്നാണ് മോദി വിമര്‍ശിച്ചിരുന്നത്. സ്വാതന്ത്ര്യ സമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 55-ാം ചരമ വാര്‍ഷികമാണിന്ന്.

Read More:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയ ഗാന്ധിയും ശാന്തിവനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നെഹ്റുവിന്റെ സംഭാവനകള്‍ രാജ്യത്ത് ജനാധിപത്യം 70 വര്‍ഷവും കടന്ന് മുന്നേറാന്‍ സഹായകമായെന്ന് രാഹുല്‍ പറഞ്ഞു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഹമീദ് അന്‍സാരി, മന്‍മോഹന്‍ സിങ് എന്നിവരും ശാന്തിവനത്തിലെത്തി ആദരമര്‍പ്പിച്ചു.

നവഭാരത ശില്‍പിയെന്ന പേരിലാണ് നെഹ്റു അറിയപ്പെടുന്നത്. വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശിയായ ചാച്ചാജി 1964 മെയ് 27ന് ആണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1964 ജനുവരിയില്‍ ഭുവനേശ്വരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സയിലൂടെ പൂർണാരോഗ്യം തിരിച്ച് കിട്ടിയില്ല. മേയില്‍ വീണ്ടും രോഗനില വഷളായി.

വിശ്രമത്തിന് ശേഷം മേയ് 26 ന് ഡെറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു. മെയ് 27 ന് രോഗം മൂർച്ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.

“”എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook