ന്യൂഡല്‍ഹി: പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തിൽ  എന്‍സിപി, ബിജെഡി കക്ഷികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധത്തിനായി സഭയുടെ നടുത്തളത്തിലേക്കു കുതിക്കാതെ തന്നെ രാഷ്ട്രീയ കക്ഷികള്‍ക്കു ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ കഴിയുമെന്നും ഇരു കക്ഷികളെയും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി അകന്ന ശിവസേനയുമായി ചേര്‍ന്ന് എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ സജീവമാക്കിയ സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ വാക്കുകളെന്നതു ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ മാതൃക കാണിക്കുന്ന എന്‍സിപി, ബിജെഡി കക്ഷികളെ പുകഴ്ത്തിയ മോദിപാര്‍ലമെന്റില്‍ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വ്യക്തമാക്കി.

”ഇരു കക്ഷികളെയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഈ കക്ഷികള്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഉറച്ചുനിന്നു. അവര്‍ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങിയില്ല. എന്നാല്‍ അവര്‍ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചു. ഈ കക്ഷികളില്‍നിന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. നടുത്തളത്തില്‍ ഇറങ്ങാതെ തന്നെ ജനങ്ങളുടെ ഹൃദയം കീഴടക്കാനാവും,” മോദി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനു രാജ്യസഭ നല്‍കുന്ന സംഭാവന ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതുസംബന്ധിച്ച് 2003ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ വിഹാരി വാജ്‌പേയ് നടത്തിയ പ്രസംഗം അനുസ്മരിച്ചു. അനുച്ഛേദം 370, 35 (എ) എന്നിവയുടെ കാര്യത്തില്‍ രാജ്യസഭ വഹിച്ച പങ്ക് 25 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ആവശ്യം വന്ന സാഹചര്യങ്ങളിലെല്ലാം രാജ്യസഭ ഉറച്ച പിന്തുണ നല്‍കിയിട്ടുണ്ട്. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകില്ലെന്നായിരുന്നു പലരും കരുതിയത്. ജിഎസ്ടി യാഥാര്‍ഥ്യമായതും രാജ്യസഭയുടെ പിന്തുണ കൊണ്ടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്തുള്ളവര്‍ക്കു രാജ്യത്തിന്റെ വികസനത്തില്‍ പങ്കുവഹിക്കാനുള്ള അവസരമാണു രാജ്യസഭാംഗത്വമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook