ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് വിമർശിച്ച മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിൽ ഇരിക്കാത്ത കേൾക്കാൻ തയ്യാറാകാത്ത ആളോട് താൻ എങ്ങനെ പ്രതികരിക്കുമെന്ന് മോദി ചോദിച്ചു.
ഈ വിഷയങ്ങളിൽ എല്ലാം വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആവശ്യമുള്ളപ്പോഴെല്ലാം” താനും ചില വിഷയങ്ങളിൽ സംസാരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.
ആരെയും ആക്രമിക്കുന്നത് തനിക്കോ തന്റെ സർക്കാരിനോ ഇഷ്ടമല്ലെന്ന് പറഞ്ഞ മോദി, പാർലമെന്റിലെ ചർച്ചകൾ സ്വാഗതം ചെയ്യുന്നതായും ചർച്ചകളിൽ വിശ്വസിക്കുന്നതായും പറഞ്ഞു.
“(ആരെയെങ്കിലും) ആക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല, അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാല്‍ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സഭയിലെ എന്റെ വാക്കുകള്‍ വ്യാഖ്യാനിച്ച് ചില വിവാദങ്ങള്‍ ഉണ്ടാക്കിയേക്കാം,” പ്രധാനമന്ത്രി പറഞ്ഞു.
മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോദി.
“ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല, പകരം സംവാദങ്ങൾ നടത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ചില സമയങ്ങളിൽ, പാർലമെന്റിൽ വാദപ്രതിവാദങ്ങളും തടസ്സപ്പെടുത്തലുകളും ഉണ്ടാകാറുണ്ട്. ഞാൻ ഇതിനെ സ്വാഗതം ചെയ്യുന്നു, അതുകൊണ്ട്ഈ വിഷയങ്ങൾ ഒന്നും എന്നെ അസ്വസ്ഥനാകുന്നില്ല” മോദി കൂട്ടിച്ചേർത്തു.
“ഞാൻ എല്ലാ വിഷയങ്ങളിലും വസ്തുതകൾ നൽകുകയും എല്ലാ വിഷയങ്ങളിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിലും, നമ്മുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ വിശദമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്, ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു. കേൾക്കാത്ത, സഭയിൽ ഇരിക്കാത്ത ഒരു വ്യക്തിയോട് ഞാൻ എങ്ങനെ മറുപടി പറയും?” പ്രധാനമന്ത്രി ചോദിച്ചു.
നേരത്തെ, പാർലമെന്റിലെ പ്രസംഗത്തിനിടെ കോൺഗ്രസിനെ മോദി കടന്നാക്രമിച്ചതിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോൺഗ്രസിനെ ഭയപ്പെടുന്നുവെന്ന്
അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ പ്രതിപക്ഷത്തിന് വേണ്ടി അദ്ദേഹം കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഫെബ്രുവരി 7ന് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയവേ, കോൺഗ്രസ് നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും അവർ തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ നേതാവായി മാറിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.