ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

“കൊറോണ വൈറസിനെതിരായ പോരാട്ടം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്. അതിനാൽ തന്നെ ഞങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്തതും കഠിനവുമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. നിങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാവപ്പെട്ട ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ കഠിനമായ നടപടികൾ സ്വീകരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളിൽ ചിലർക്ക് എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഈ യുദ്ധത്തിൽ വിജയിക്കാൻ ഇത്തരം കടുത്ത നടപടികൾ ആവശ്യമാണ്,” മോദി പറഞ്ഞു.

“കോവിഡിനെതിരായ പോരാട്ടം കഠിനമാണ്, അതിന് അത്തരം കഠിനമായ തീരുമാനങ്ങൾ ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളെ സുരക്ഷിതരായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഹോം ക്വാറന്റൈനെക്കുറിച്ചും ആളുകളോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു.

Read More: കോവിഡ്-19: എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്‌

“ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുന്നവരോട് ചില ആളുകൾ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ വേദനിച്ചു. നാം സംവേദനക്ഷമതയും വിവേകവും പുലർത്തേണ്ടതുണ്ട്. സാമൂഹിക അകലം വർദ്ധിപ്പിക്കുക, പക്ഷേ വൈകാരിക അകലം കുറയ്ക്കുക.”

“ആരും മനഃപൂർവ്വം നിയമങ്ങൾ ലംഘിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ചില ആളുകൾ അങ്ങനെ ചെയ്യുന്നുണ്ട്. അത്തരം ആളുകളെ സംബന്ധിച്ചിടത്തോളം മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കൊറോണ വൈറസിൽ നിന്നും രക്ഷനേടാൻ അവർക്ക് സാധിക്കാതെ വരും,” മോദി കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണ്‍ സമയത്ത് ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാർ, പലചരക്ക് വ്യാപാരികൾ, ഇ-കൊമേഴ്‌സ് ഡെലിവറി ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് ജീവനക്കാർ എന്നിവരെ പ്രധാനമന്ത്രി പ്രശംസിച്ചു.

കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണ രേഖ മറികടക്കരുതെന്ന് അഭ്യര്‍ഥിച്ച മോദി ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ജനങ്ങള്‍ പ്രചോദനമുള്‍ക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സേവനത്തെ രാജ്യം വിലപ്പെട്ടതായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: PM Modi on ‘Mann ki Baat’: Apologise for harsh steps, but they were needed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook