ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനാണ് ചെങ്കോട്ട ഇന്ന് വേദിയായത്. പ്രധാനമന്ത്രി പദവിയിലിരുന്നുളള തന്റെ അവസാനത്തെ പ്രസംഗത്തിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന വലിയൊരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. 2022 ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ഒരാളെ അയക്കുമെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞത്.

”ഇന്ന്, ചെങ്കോട്ടയുടെ വാതിക്കൽനിന്ന് രാജ്യത്തെ ജനങ്ങളെ ഞാനൊരു സന്തോഷവാർത്ത അറിയിക്കുകയാണ്. സ്പേസ് സയൻസിൽ ഇന്ത്യ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. 2022 ൽ ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുൻപോ അതിനുശേഷമോ ഇന്ത്യയുടെ ഒരു മകനോ മകളോ ത്രിവർണ പതാകയും കൈയ്യിലേന്തി ബഹിരാകാശത്തേക്ക് പോകും”, മോദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ സന്തോഷം പങ്കുവച്ച ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ ഈ വെല്ലുവിളി ഏറ്റെടുത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. ”ഞങ്ങളുടെ പക്കൽ സമയം കുറവാണ്. പക്ഷേ 2022 ൽ ഐഎസ്ആർഒ ഈ ദൗത്യം സാക്ഷാത്കരിക്കും”, അദ്ദേഹം പറഞ്ഞു. ”ഒരു ദശാബ്ദത്തോളമായി ഐഎസ്ആർഒ ഇതിനായി ശ്രമിക്കുന്നുണ്ട്. ഇത് ഐഎസ്ആർഒയുടെ മാത്രം പോജക്ട് അല്ല, രാജ്യത്തിന്റെ മുഴുവൻ പരിശ്രമവും ഇതിനു പിന്നിലുണ്ട്. ഈ ദൗത്യം രാജ്യത്തിന്റെ അഭിമാനം ഉയർത്തും”, അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ഇതുവരെ ഏറ്റെടുത്ത ദൗത്യങ്ങളിൽനിന്നും ഏറെ വെല്ലുവിളി നിറഞ്ഞതാണ് പുതിയ ദൗത്യം. ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ത്യൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയോ ഇന്ത്യക്കാരിയെയോ അയയ്ക്കാൻ ഐഎസ്ആർഒയ്ക്ക് മുന്നിൽ ഉളളത് 5 വർഷങ്ങൾ മാത്രമാണ്. ഈ ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്നു രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ബഹിരാകാശത്തേക്ക് ആളെ അയച്ചിട്ടുളളത്.

ജിഎസ്എല്‍വി എംകെ 3 എന്നു പേരിട്ടിരിക്കുന്ന റോക്കറ്റിലായിരിക്കും ഇന്ത്യയിൽനിന്നുളള ആളെ ബഹിരാകാശത്തേക്ക് അയയ്ക്കുക. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. 9000 കോടിയാണ് പദ്ധതിയുടെ ചെലവ്. അടുത്ത 40 മാസത്തിനകം ഇതിന്റെ ആദ്യ ഘട്ടം നടത്താനാകുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.

ഗഗൻയാൻ എന്നാണ് ബഹിരാകാശ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. ബഹിരാകാശ യാത്രികർക്ക് ‘വ്യോംനൗട്ട്സ്’ എന്നാണ് നൽകിയിരിക്കുന്ന പേര്. സംസ്കൃതത്തിൽ ‘വ്യോം’ എന്നാൽ ‘ബഹിരാകാശം’ എന്നാണ് അർത്ഥം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ