/indian-express-malayalam/media/media_files/uploads/2018/10/modi-cats-1.jpg)
ഭോപ്പാല്‍: നോട്ട് നിരോധനത്തിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസും 'ഒരു കുടുംബവും' ഇപ്പോഴും കരയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് തലമുറയ്ക്കുവേണ്ടി കുറച്ചുകുറച്ചായി മോഷ്ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടമാണ് കോണ്‍ഗ്രസിനെന്നും മോദി പരിഹസിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'മകനെ നഷ്ടപ്പെട്ട പ്രായമായ പിതാവ് പോലും ഒരുവര്‍ഷം കൊണ്ട് ആ ദുഃഖത്തില്‍ നിന്നും കരകയറും. രണ്ടുവര്‍ഷമായിട്ടും നോട്ടുനിരോധനത്തിന്റെ ദുഃഖത്തില്‍ നിന്നും കരകയറാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് എത്രമാത്രം പണം നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് ചിന്തിച്ചു നോക്കൂ,' മോദി പറഞ്ഞു.
നോട്ട് നിരോധനം തുടക്കത്തില്‍ ആളുകള്‍ക്ക് അസൗകര്യം ഉണ്ടാക്കിയെന്നും അതിന് താന്‍ പരസ്യമായി മാപ്പു പറഞ്ഞുകഴിഞ്ഞെന്നും മോദി പറഞ്ഞു. എന്നാല്‍ ആ പേരും പറഞ്ഞ് സാധാരണക്കാര്‍ ഇപ്പോള്‍ കരയുന്നില്ല. കള്ളക്കടത്തുകാരില്‍ നിന്നും പണം തിരിച്ചെടുക്കാനുള്ള പോരാട്ടം താന്‍ ഇനിയും തുടരുമെന്നും മോദി പറഞ്ഞു.
കിടക്കയ്ക്കടിയിലും, ചാക്കുകളിലും, അലമാരകളിലും ബാങ്കുകളിലും കള്ളന്മാര്‍ സൂക്ഷിച്ചുവച്ച പണം തിരിച്ചു പിടിക്കാന്‍ നോട്ട് നിരോധനം സഹായിച്ചുവെന്ന് മോദി പറഞ്ഞു.
'ആ പണം നിങ്ങളുടേതാണ്. അതുപയോഗിച്ച് ശൗചാലയങ്ങളും വീടുകളും റോഡുകളും നിർമ്മിക്കുകയും കര്‍ഷകര്‍ക്ക് ജലസേചന മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു,' അഴിമതിക്കെതിരായ തന്റെ പോരാട്ടം ഇനിയും തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ ഗ്വാളിയോറിലായിരിക്കും അടുത്തതായി മോദി സംസാരിക്കുക. നവംബര്‍ 28ന് സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിലേക്ക് 2,907 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.