ധൻബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരെന്ന് അവരുടെ വേഷത്തിൽ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ആക്രമിച്ചുകൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഝാർഖണ്ഡിലെ ഡുംകയിൽ​ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

“കോൺഗ്രസും സഖ്യകക്ഷികളും വെറുതേ കിടന്ന് ശബ്ദമുണ്ടാക്കുന്നു, ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. അത് നടപ്പാകാതെ വരുമ്പോൾ, അവർ തീ പടർത്തുകയാണ്. ടിവിയിലെ ദൃശ്യങ്ങളിൽ നിന്ന്, തീയിടുന്നവരെ അവരുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും,” നരേന്ദ്ര മോദി പറഞ്ഞു.

പ്രാബല്യത്തിൽ വന്ന പുതിയ നിയമത്തിനെതിരെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം നിശബ്ദ പിന്തുണ നൽകുന്നുവെന്ന് മോദി ആരോപിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 വരെ രാജ്യത്ത് പ്രവേശിച്ച ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ജൈന മതക്കാർ, പാർസികൾ എന്നിവർക്ക് ഈ നിയമം പൗരത്വം നൽകുന്നു.

Read More: കോൺഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു, പൗരത്വ ഭേദഗതി ആയിരം വട്ടം ശരി: പ്രധാനമന്ത്രി

“തീ പടർത്താനുള്ള​ ഈ ശ്രമങ്ങൾക്ക് നേരെ നിങ്ങൾ​ കണ്ണുകൾ അടയ്ക്കുക. വഴി മാറി നടക്കുക. രാജ്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മോദിയും, രാജ്യത്തിന്റെ പാർലമെന്റും ഇന്ത്യൻ സർക്കാരും ഈ പൗരത്വ നിയമം കൊണ്ടുവന്ന് രാജ്യത്തെ രക്ഷിച്ചുവെന്ന വിശ്വാസം ശക്തമാവുകയാണ്. ഞങ്ങൾ ശരിയായ തീരുമാനമെടുത്തുവെന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു,” മോദി പറഞ്ഞു.

ആസാമിലെ ജനങ്ങൾ ഈ അക്രമത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറിയതായി മോദി പറഞ്ഞു. “അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്‍റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook