scorecardresearch
Latest News

വാരണസിയില്‍ ‘വട്ടമിട്ട്’ പ്രധാനമന്ത്രി; ‘രാജ്യത്തെ കൊളളയടിച്ചവര്‍ പാപത്തിന് കണക്ക് പറയേണ്ടി വരും’

ലക്നോവിലെത്തിയ മോദി കാശി വിശ്വനാഥ് ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥനകളിൽ പങ്കെടുത്തശേഷം ജോൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു

narendra modi, bjp, Guruvayoor temple

വാരണസി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണസിയിലെത്തി. രാവിലെ ഒന്പതിന് ലക്നോവിലെത്തിയ മോദി കാശി വിശ്വനാഥ് ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രാർഥനകളിൽ പങ്കെടുത്തശേഷം ജോൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്നവരാണ് ജോന്‍പൂരിലെത്തി രക്തസാക്ഷികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷയെ എന്തിനാണ് രാഷ്ട്രീയവത്കരിക്കുന്നതെന്നും റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു. വണ്‍ റാങ്ക് പെന്‍ഷന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളും. നിങ്ങളുടെ ഭൂമി അനധികൃതമായി കൈയേറുന്നവര്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. ഞാന്‍ ഇന്ന് കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയും പോരാടുകയാണ്. എന്നാല്‍ സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസും അത് ചോദ്യം ചെയ്യുന്നു. എന്താണ് അവരുടെ യഥാര്‍ത്ഥ പ്രശ്നമെന്നും മോദി ചോദിച്ചു.

രാജ്യത്തെ കൊള്ളയടിച്ചവര്‍ അവരുടെ പാപത്തിന് കണക്കു പറയേണ്ടി വരും. കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയുമുള്ള പോരാട്ടം തുടരും. അതിന് എല്ലാവരുടേയും പിന്തുണയും അനുഗ്രഹവും വേണമെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് വാരണസിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിക്കും. ഒടുവിലത്തെ പോര്‍മുഖമായ വാരണസിയിലേക്ക് നേതാക്കള്‍ പ്രവഹിക്കുകയാണ്. ആകെയുള്ള മൂന്നു പ്രചാരണ ദിവസങ്ങളില്‍ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പടിക്കുകയാണ്.

ബി.ജെ.പിയുടെ മുന്‍നിര നേതാക്കളെല്ലാം വാരണസിയിലുണ്ട്. മാര്‍ച്ച് 8നാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മോദി എത്തിയത്.
വാരണസിയിലെ പ്രചാരണത്തിലും ഹിന്ദുത്വം മുതലാക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. ക്ഷേത്രസന്ദര്‍ശനം അടക്കമുള്ള മോദിയുടെ പരിപാടികളില്‍ ഇത് വ്യക്തമാണ്. ബി.എസ്.പിക്ക് അനുകൂലമായി നില്‍ക്കുന്ന പരമാവധി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് വലിച്ചടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

നരേന്ദ്ര മോദിയുടെ പ്രചാരണ യോഗങ്ങള്‍ക്കുപുറമെ, സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ടി മുഖ്യമന്ത്രി അഖിലേഷും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റോഡ്ഷോ നടത്തുന്നുണ്ട്. മോദിയുടെ സന്ദര്‍ശനപരിപാടി കണക്കിലെടുത്ത് രാഹുല്‍-അഖിലേഷ് റോഡ്ഷോ രണ്ടുവട്ടം മാറ്റിവെക്കേണ്ടി വന്നിരുന്നു. ബി.എസ്.പി നേതാവ് മായാവതിയും വാരാണസിയിലുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ സംഘവും വാരണസിയിലെത്തി.

ഇക്കുറി ആരുടെയും പരിപാടികളില്‍ മാറ്റമില്ലാത്തത് ഗതാഗതക്കുരുക്കേറിയ നഗരത്തെ ശ്വാസംമുട്ടിക്കുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടി അവസാനഘട്ടങ്ങളില്‍ പ്രധാനമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബി.ജെ.പി തീവ്രശ്രമം നടത്തിയിരുന്നു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മോദി വാരണസിയിലുണ്ട്. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി കുട്ടിക്കാലം ചെലവിട്ട രാംനഗറും ഇക്കൂട്ടത്തില്‍ സന്ദര്‍ശിക്കും. തിങ്കളാഴ്ചയാണ് പ്രചാരണം അവസാനിക്കുന്നത്.
നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആറ് ജില്ലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1.72 കോടി വോട്ടർമാരുള്ളതിൽ 94.6 ലക്ഷം പേർ പുരുഷൻമാരും 77.8 ലക്ഷം പേർ സ്ത്രീകളുമാണ്. 635 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi offers prayers at kashi vishwanath kaal bhairav temples conducts roadshow through varanasi