അഹമ്മദാബാദ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മ ഹീരാബെൻ മോദി(100)യെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. അഹമ്മദാബാദിലെ യു എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് ഇന്നു രാവിലെ ഹീരാബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആശുപത്രിയിലെത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സി ആര് പാട്ടീല്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ എന്നിവരും ആശുപത്രിയിലെത്തി.
പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി അഹമ്മദാബാദില്‍ ഡ്രോണുകളും ചെറുവിമാനങ്ങളും പറത്തുന്നതു നിരോധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് ശ്രീവാസ്തവ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
റിമോട്ട് കണ്ട്രോള്ഡ് ഡ്രോണുകള്‍, ക്വാഡ്കോപ്റ്ററുകള്‍, പവേര്‍ഡ് എയര്‍ക്രാഫ്റ്റുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ പറത്തുന്നതിനും പാരാ ജമ്പിങ്ങിനുമാണു നിരോധനം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്കു രണ്ടു മുതല്‍ അര്‍ധരാത്രി വരെയാണു നിരോധനാജ്ഞ.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ്, ഡിസംബര്‍ നാലിനാണു പ്രധാനമന്ത്രി ഇതിനു മുന്‍പ് അമ്മയെ കണ്ടത്. ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച ഇളയ മകന് പങ്കജിനൊപ്പമാണു ഹീരാബെൻ താമസിക്കുന്നത്.
പ്രധാനമന്ത്രിയുടെ അമ്മ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നു രാഹുല്‍ ഗാന്ധി ആശംസിച്ചു. അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും വിലമതിക്കാനാവാത്തതുമാണെന്നു ഹിന്ദിയില്‍ കുറിച്ച ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.
”മോദിജി, ഈ വിഷകരമായ സമയത്ത് എന്റെ സ്നേഹവും പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ട്. അമ്മ വേഗം സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നു,” രാഹുല്‍ കുറിച്ചു.