ന്യൂഡൽഹി: വിദേശ രാജ്യങ്ങളുടെ സന്ദർശനത്തിന് നരേന്ദ്ര മോദി കോടിക്കണക്കിന് രൂപ പൊതുഖജനാവിൽനിന്നും ചെലവാക്കിയെന്ന കണക്കുകൾ പുറത്തുവന്നതിനുപിന്നാലെ അടുത്ത വിദേശ പര്യടനത്തിന് ഒരുങ്ങുകയാണ് പ്രധാനമന്ത്രി. ഇത്തവണ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് മോദിയുടെ പര്യടനം. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും.

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായി അഞ്ച് ദിവസമാണ് മോദിയുടെ സന്ദർശനം. ജൂണ്‍ 23 മുതല്‍ 27 വരെയാണ് മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ആദ്യം റുവാണ്ടയിലേക്കാണ് മോദി പോവുക. റുവാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. റുവാണ്ടയിലെത്തുന്ന മോദി പ്രസിഡന്റ് പോൾ കാഗമിന് സമ്മാനമായി 200 പശുക്കൾ നൽകും. ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കൾ സമ്മാനമായി നൽകുന്നത്.

2006 ൽ റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ‘ഗിരിങ്ക’. ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്നതാണ് പദ്ധതിയുടെ ആശയം. ഇതിനോടകം 3.5 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നാണ് റുവാണ്ട ഭരണകൂടം പറയുന്നത്.

റുവാണ്ടയിൽനിന്നും ഉഗാണ്ടയിലേക്കാണ് നരേന്ദ്ര മോദി പോവുക. രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ മോദി ഉഗാണ്ട പാര്‍ലമെന്റിനേയും ഇന്ത്യക്കാരേയും അഭിസംബോധന ചെയ്യും. അവിടെനിന്നും മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും.

അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു. ഇതിനായി ചെലവഴിച്ചതാകട്ടെ കോടികളും. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്നാണ് കണക്കുകള്‍. വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവായി. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളില്‍ 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ